കണ്ണൂർ: കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. വാദം നടക്കുന്നതിനിടെ ചേംബറിൽ മേശയ്ക്കു കീഴിലാണ് പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം. കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നതിനാൽ ജഡ്ജി ചേംബറിൽ ഉണ്ടായിരുന്നില്ല.
ചേംബറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റൻഡാണ് മേശയ്ക്കടിയിൽ മൂർഖനെ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂർഖനെ പിടികൂടുകയായിരുന്നു. കണ്ണൂർ കോടതി പരിസരത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ നേരത്തേ പരാതി ഉയർത്തിയിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ കാടുകൾ വെട്ടിനീക്കാതിരുന്നതാണ് കോടതി പരിസരം ഇഴജന്തുക്കൾക്ക് വാസയോഗ്യമാവാൻ കാരണമായത്.