ബംഗളുരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയുടെ വായ ഫെവിക്വിക് ഗ്ലൂ കൊണ്ട് ഒട്ടിച്ച് കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ നെലമംഗലയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊല്ലാൻ നോക്കിയ സിദ്ധലിംഗസ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യ മഞ്ജുള ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന്റെ പീഡനത്തിൽ അബോധാവസ്ഥയിലായ മഞ്ജുളയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സിദ്ധലിംഗസ്വാമിയുടെ ഫോൺ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ പിടികൂടിയത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷത്തിലേറെയായി. സിദ്ധലിംഗസ്വാമിക്കും മഞ്ജുളയ്ക്കും രണ്ട് മക്കളുമുണ്ട്. അടുത്തിടെയായി മഞ്ജുള ഫോണിൽ ഒരുപാട് സമയം ചെലവഴിക്കുന്നത് സിദ്ധലിംഗസ്വാമിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കരുതിയ സിദ്ധലിംഗസ്വാമി മഞ്ജുളയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ അയൽക്കാർ ഇടപെട്ടതോടെ മഞ്ജുളയുടെ ജീവൻ രക്ഷിക്കാനായി.