കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ റാഗിങ്ങിൽ പ്രതികളായ വിദ്യാർഥികളുടെ മുറികൾ പരിശോധിക്കാനെത്തിയവർ കണ്ടെത്തിയത് മാരകായുധങ്ങൾ, കത്തി, കരിങ്കല്ല് കഷ്ണങ്ങൾ, വിദ്യാർഥികളെ ഉപദ്രവിക്കാനായി പ്രതികൾ സൂക്ഷിച്ചുവച്ച ഡമ്പൽ, കോമ്പസ് തുടങ്ങിയവ. അതേസമയം വിദ്യാർഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പോലീസ്. കൂടാതെ റാഗിങ്ങിന് ഇരയായ നാല് വിദ്യാർഥികൾ കൂടി പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥകളിൽ ഒരാൾ മാത്രമാണ് മുൻപ് പരാതി നൽകാതിരുന്നത്.
അതേസമയം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പാൾ എംടി സുലേഖയേയും അസിസ്റ്റൻറ് വാർഡൻ അജീഷ് പി മാണിയേയും സസ്പെൻറ് ചെയ്തു. കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകി ഉത്തരവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻറെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൻറെ ആവശ്യം. കോളേജിന്റെ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ മാർച്ച് നടത്തും. കേരള ഗവൺമെൻറ് നഴ്സസ് യൂണിയനും കോളേജിന് മുന്നിൽ പ്രതിഷേധിക്കും.