കോഴിക്കോട്: വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ പുഴയില്‍ ചാടി പ്രവാസി മലയാളി യുവാവ്. കാസർകോട് സ്വദേശി മുനവർ ആണ് പുഴയില്‍ ചാടിയത്. അതിനുശേഷം സ്വയം നീന്തിക്കയറുകയായിരുന്നു. വടകര മൂരാട് പുഴയിലാണ് യുവാവ് ചാടിയത്. കോയമ്പത്തൂർ മംഗളൂരു ഇന്‍റര്‍സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ ചാടിയത്. വടകര മൂരാട് റെയിൽവേ മേൽപ്പാലത്തിൽ ട്രെയിനെത്തിയപ്പോഴായിരുന്നു ഈ സംഭവം.
പിന്നീട്, പുഴയിൽനിന്ന് നീന്തി അവശനിലയിലാണ് യുവാവ് കരക്കെത്തിയത്. സ്ഥലത്തെത്തിയ പോലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയി. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദേശത്തുനിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ മുനവർ ട്രെയിനിൽ കാസർകോടേക്ക് പോകുകയായിരുന്നു. പുഴയിലേക്ക് ചാടാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.