കൊച്ചി: കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് 3 പേർ മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ആന ഇടഞ്ഞ വിഷയത്തിൽ ഗുരുവായൂർ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആനകള്‍. 2 ആനകളുടെ ഉൾപ്പെടെ ഫീഡിങ് റജിസ്റ്റർ, ട്രാൻസ്പോർട്ടേഷൻ റജിസ്റ്റർ, മറ്റു റജിസ്റ്ററുകൾ തുടങ്ങിയവ ഹാജരാക്കാനും കോടതി നിർദേശിച്ചു. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാൻ അനുമതി നൽകുന്നത് എന്തുകൊണ്ടാണെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ആർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്യുന്നതെന്നും ചോദിച്ചു. ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി, വനംവകുപ്പ് എന്നിവരോടും കോടതി വിശദീകരണം തേടി.
ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), വടക്കയിൽ രാജൻ (68) എന്നിവരാണു മരിച്ചത്. 32 പേർക്കു പരുക്കേറ്റു; 8 പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6ന് ഉത്സവത്തിനിടെ പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.
Kozhikode Temple Tragedy: Kerala High Court Seeks Answers in Fatal Elephant Attack
Elephant Attack Kerala High Court Pooram Kerala News Latest News