പാറ്റയുടെ പാൽ ഒരു സൂപ്പർഫുഡ് ആണെന്ന പുതിയ കണ്ടെത്തൽ ജനങ്ങളിൽ കൗതുകം ഉണ്ടാക്കിയെന്ന് മാത്രമല്ല ഇത് ഇപ്പോൾ വലിയ ചർച്ചകൾക്കും കാരണമായിരിക്കുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പാറ്റയുടെ പാലിൽ അമിനോ ആസിഡുകൾ, കൊഴുപ്പുകൾ, പഞ്ചസാര എന്നിവയാൽ നിറഞ്ഞ പ്രോട്ടീൻ പദാർഥങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ്. ഇത് പശുവിൻ പാലിനേക്കാൾ നാലിരട്ടി പോഷകാഹാരം നൽകുന്നതായും പഠനം പറയുന്നു.
സംഭവം ഇങ്ങനെയാണെങ്കിലും, ഇതൊക്കെ കേട്ടിട്ട് നിങ്ങൾ പാറ്റപ്പാൽ സംഭരിക്കാൻ പോകുന്നതിന് മുൻപ് ചില വസ്തുതകൾ മനസിലാക്കേണ്ടത് പ്രധാനമാണ്. ഗവേഷണ കണ്ടെത്തലുകൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും, പാറ്റപ്പാൽ വാണിജ്യപരമായി ലഭ്യമല്ല. അല്ലെങ്കിൽ മനുഷ്യ ഉപഭോഗത്തിനായി ഇത് പരീക്ഷിച്ച് വിജയിച്ചിട്ടില്ല. കൂടാതെ, ഇത് വേർതിരിച്ചെടുക്കുന്നത് അപ്രായോഗികമാണ്. മാത്രമല്ല ഇതിൻ്റെ വലിയ തോതിലുള്ള ഉത്പാദനം അസാധ്യമാണ്. അതായത് പശുവിൻ പാല് ലഭിക്കുന്നത് പോലെ പാറ്റപ്പാൽ ലഭ്യമാകില്ലെന്ന് ഉറപ്പ്.
പാറ്റപ്പാലും പശുവിൻ പാലും താരതമ്യം ചെയ്തുനോക്കാം
പാറ്റപ്പാലിൽ കലോറിയും പ്രോട്ടീനും വളരെ കൂടുതലായതുകൊണ്ട് തന്നെ ഇതിനെ പോഷകാഹാരപരമായി ഒരു വിഭാഗം വിശ്വസിക്കുന്നു. മറുഭാഗത്ത് പശുവിൻ പാൽ കാൽസ്യം, വിറ്റാമിൻ ഡി, അസ്ഥികളുടെ ആരോഗ്യത്തിനും വികാസത്തിനും ആവശ്യമായ മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നുവെന്ന് നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്. പാറ്റപ്പാലിൽ നിന്ന് വ്യത്യസ്തമായി, പശുവിൻ പാൽ സുരക്ഷയ്ക്കായി കർശനമായ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്, കൂടാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് ഒരു ഭക്ഷണ പദാർത്ഥം കൂടിയാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായാലും, പാറ്റപ്പാലിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങൾ ജാഗ്രതയോടെ കാണണം. അതിന്റെ സുരക്ഷ, ദീർഘകാല ആരോഗ്യ ഗുണങ്ങൾ, അല്ലെങ്കിൽ പരമ്പരാഗത പാലുൽപ്പന്നങ്ങൾക്ക് പകരമാകാൻ കഴിയുമോ എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ ഒരു തീരുമാനമായിട്ടില്ല. പാറ്റയുടെ പാൽ അടുത്ത സൂപ്പർഫുഡ് ആയി ട്രെൻഡിംഗ് ആകുമെന്നൊക്കെ തോന്നാമെങ്കിലും, പരമ്പരാഗത പാലുൽപ്പന്നങ്ങൾക്ക് പകരമായി ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ ഗവേഷണവും പരീക്ഷണങ്ങളും ആവശ്യമാണ്. അതുവരെ, പശുവിൻ പാൽ പോലുള്ള നന്നായി സ്ഥാപിതമായ പോഷകാഹാര സ്രോതസുകളിൽ ഉറച്ചുനിൽക്കുന്നതു തന്നെയാണ് സുരക്ഷിതമായ മാർഗം.