റായ്പുർ: പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ, അല്ലാതെയോ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭർത്താവിനെതിരെ ബലാത്സംഗമോ, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനോ കുറ്റം ചുമത്തി കേസെടുക്കാൻ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരത്തിൽ ലൈംഗിക ബന്ധത്തിന് ഭർത്താവിന് ഭാര്യയുടെ സമ്മതം വേണമെന്നത് അപ്രധാനമാണെന്നും ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
മാത്രമല്ല ഭാര്യയുടെ പ്രായം 15 വയസിന് താഴെയല്ലെങ്കിൽ ഭർത്താവ് ഭാര്യയുമായി നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല. അതുകൊണ്ടുതന്നെ ഭർത്താവിനെതിരെ സെക്ഷൻ 376-ഉം 377-ഉം പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും ബെഞ്ച് നിരീക്ഷിച്ചതായി ലൈവ് ലോയുടെ റിപ്പോർട്ടിൽ പറയുന്നു.
2017-ൽ ഡിസംബർ 11ന് ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധത്തെ തുടർന്ന് യുവതി മരിച്ച കേസിൽ വിധി പറയുകയായിരുന്നു കോടതി. ഭർത്താവ് ബലപ്രയോഗത്തിലൂടെ തന്റെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി മരണമൊഴി നൽകിയിരുന്നു.
പിന്നീട് ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധമാണ് മരണകാരണമെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർമാരും സ്ഥിരീകരിച്ചിരുന്നു. വിചാരണ കോടതി ഭർത്താവിന് 10 വർഷത്തെ തടവ് ശിക്ഷയും വിധിച്ചിരുന്നു. ആ ശിക്ഷ ജസ്റ്റിസ് നരേന്ദ്ര കുമാറിന്റെ സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ഭർത്താവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.