ഗാസ: വെസ്റ്റ് ബാങ്കിൽ പലസ്തീൻ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യത്തിന്റെ അതിശക്തമായ തേരോട്ടം തുടരുന്നു. നൂർ ഷാംസ് അഭയാർഥി ക്യാംപിൽ വീടുകൾ കേന്ദ്രീകരിച്ച് ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ ഗർഭിണിയായ യുവതിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. എട്ടു മാസം ഗർഭിണിയായ സോന്തോസ് ജമാൽ മുഹമ്മദ് ഷലാബി(23)യാണു കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് പരുക്കേറ്റു ഗുരുതര നിലയിലാണ്. റഹാഫ് ഫുവാദ് അബ്ദുല്ല അൽ അഷ്ഖറ്‍(21) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ യുവതി.
യുവതിയും ഭർത്താവും വീട്ടിൽനിന്നിറങ്ങുമ്പോൾ സൈന്യം ഇവരെ വെടിവയ്ക്കുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയിലെത്തിക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ ശ്രമം സൈന്യം തടഞ്ഞതോടെ കുഞ്ഞിനെ പുറത്തെടുത്തു രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് പരുക്കേറ്റവർക്കു വൈദ്യസഹായവുമായി രംഗത്തുള്ളത്. ഇവരെ സൈന്യം തടയുന്നതു പതിവാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുൾകരീം മേഖലയിലാണ് നൂർ ഷാംസ് അഭയാർഥി ക്യാംപ്.
ഇന്നലെ പുലർച്ചെ ആയുധസന്നാഹങ്ങളും ബുൾഡോസറുകളുമായെത്തിയ ഇസ്രയേൽ സേന ക്യാംപുകളിൽ റെയ്ഡ് ആരംഭിച്ചു. ഭീകരർക്കായുള്ള റെയ്ഡുകളെന്ന പേരിൽ വെസ്റ്റ് ബാങ്കിലെ വടക്കൻ മേഖലകളിലെ പരിശോധനകളും വെടിവയ്പും ഇസ്രയേൽ സൈന്യം വ്യാപിപ്പിച്ചിരിക്കുകയാണ്. ജെനിൻ, തുൾകരീമിലെ ക്യാംപുകൾ, തുബാസ് ഗവർണറേറ്റിലെ ഫാറാ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 26,000 പലസ്തീൻകാർ ഇവിടെനിന്നു പലായനം ചെയ്തു. നൂർ ഷാംസിൽ വെടിവയ്പും സ്ഫോടനങ്ങളും നടന്നതായി പ്രദേശവാസികൾ പറഞ്ഞു. മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം വെസ്റ്റ് ബാങ്കിലെ സൾഫിത്തിനു വടക്കുള്ള മാർദ ഗ്രാമത്തിലേക്കും സൈന്യം കടന്നതായാണു റിപ്പോർട്ട്. ഗ്രനേഡുകളുമായി എത്തിയ സൈനികർ ഇവിടെയും വീടുകളിൽ റെയ്ഡ് നടത്തി; അലുമിനിയം ഫാക്ടറിയിലും പരിശോധന നടത്തി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പിടിച്ചെടുത്തു, ഇതിനിടെ, ഹമാസുമായുള്ള വെടിനിർത്തൽ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നതുപോലെ, ഇസ്രയേൽ സൈന്യം നെത്‌സരീം ഇടനാഴിയിൽനിന്നു പൂർണമായും പിന്മാറി.
വടക്കൻ ഗാസയെയും തെക്കൻ ഗാസയയെയും വേർതിരിക്കുന്ന 6 കിലോമീറ്റർ നീളത്തിലെ ഇടനാഴിയാണിത്. ഇസ്രയേൽ ഇവിടെ സൈനികമേഖലയാക്കി ഗാസയെ രണ്ടായി വിഭജിക്കുകയായിരുന്നു. വെടിനിർത്തലിനുശേഷം വടക്കൻ ഗാസയിലേക്കു മടങ്ങിയെത്തുന്നവർ നടന്നും വാഹനങ്ങളിലുമായി ഈ ഇടനാഴി കടന്നാണ് നാടണയുന്നത്. സൈന്യം പൂർണമായി പിന്മാറിയതോടെ സഹായവിതരണ ട്രക്കുകളും ഇരുദിശയിലേക്കുമുള്ള യാത്രക്കാരും വർധിച്ചിട്ടുണ്ട്. തെക്കൻ ഗാസയിലെ റഫായിൽ ഇസ്രയേൽ സ്നൈപ്പറുടെ വെടിയേറ്റ് ഒരാൾക്കു ഗുരുതര പരുക്കേറ്റു.
കഴിഞ്ഞ മാസം ഗാസയിൽ നിലവിൽവന്ന വെടിനിർത്തലിനു ശേഷവും 110 പലസ്തീൻകാർ കൊല്ലപ്പെടുന്നതായി ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോ മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ വ്യക്തമാക്കി. ഓരോ ദിവസവും 6 പേരെങ്കിലും കൊല്ലപ്പെട്ടു. നേരത്തേയുള്ള പരുക്കുകളെത്തുടർന്നു മരിച്ചവരും പുതിയ ഇസ്രയേൽ സൈനിക നടപടിയിൽ മരിച്ചവരും ഉൾപ്പെടെയാണിത്. പരുക്കേറ്റവരുടെ എണ്ണം 900. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മൃതദേഹങ്ങൾ ഗാസയിലെ വിവിധ ആശുപത്രികളിലെത്തിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏഴു മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങളിൽനിന്നു വീണ്ടെടുത്തതാണ്.
‘