രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളം. ഇന്ന് രാവിലെ ഒൻപതുമണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ എന്തൊക്കെ ക്ഷേമ പദ്ധതികളാണ് കൊണ്ടുവരികയെന്ന ആകാംഷയിലാണ് പ്രതിപക്ഷവും ജനങ്ങളും.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതുൾപ്പെടെയുളള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത. നിലവിൽ 1,600 രൂപയാണ് ക്ഷേമ പെൻഷൻ. ഇത്തവണ 1,700-1,800 രൂപയായി ഉയർത്തിയേക്കും. അതേസമയം ഇതിനുള്ള പണം കണ്ടെത്താൻ ഫീസുകളും പിഴത്തുകകളും, നികുതികളും വർധിപ്പിക്കാനും സാധ്യത.
ജനങ്ങൾക്ക് താങ്ങാനാകാത്ത ബാധ്യതുണ്ടാക്കില്ലെന്നു മന്ത്രി മുൻകൂർ ജാമ്യം എടുത്തിട്ടുണ്ടെങ്കിലും അധിക വിഭവസമാഹരണത്തിനുള്ള ലക്ഷ്യങ്ങളും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. കാരണം കേന്ദ്രത്തിൽ നിന്നുള്ള അവഗണന തുടരുമെന്നതിനാൽ തനത് വരുമാനം വർധിപ്പിക്കാതെ സർക്കാരിന് മുന്നോട്ടുപോകാനാകില്ല.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയായിരുന്നു ധനമന്ത്രിയുടെ തുറുപ്പുചീട്ട്. ദക്ഷിണേന്ത്യയുടെ തന്നെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കുന്നതാകും വിഴിഞ്ഞം പദ്ധതിയെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി, വിഴിഞ്ഞത്തിന്റെ അനുബന്ധ വികസന പദ്ധതികൾക്ക് പുതിയ ബജറ്റിൽ വലിയ ഊന്നൽ നൽകിയേക്കും. നിലവിൽ ആയിരം കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെങ്കിലും ഇക്കുറി തുക ഉയർത്താം. വിഴിഞ്ഞത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കായി സ്വകാര്യനിക്ഷേപം ആകർഷിക്കാനും ശ്രമമുണ്ടായേക്കും.
അതേ സമയം വിദേശ നിർമിത ഇന്ത്യൻ മദ്യത്തിന്റെ ഗാലനേജ് ഫീസ് 30 രൂപവരെ ചുമത്താൻ അബ്കാരി നിയമം അനുവദിക്കുന്നുണ്ടെന്നു പറഞ്ഞ ധനമന്ത്രി, കഴിഞ്ഞ ബജറ്റിൽ 10 രൂപ ഈടാക്കാൻ തീരുമാനിച്ചിരുന്നു. ഇത്തവണയും വർധന പ്രതീക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലും മാറ്റത്തിന് സാധ്യതയുണ്ട്.
ഇന്നവതരിപ്പിക്കുന്ന ബജറ്റിൽ വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഫണ്ട് വകയിരുത്തുമെന്ന് സൂചനകളുണ്ട്. അതുപോലെ വയനാട് പുനരധിവാസത്തിനും പദ്ധതി പ്രതീക്ഷിക്കാം. പ്രത്യേകിച്ച് കേന്ദ്ര ബജറ്റിൽ വയനാടിനായി കരുതൽ ഒന്നുമുണ്ടാകാത്ത സാഹചര്യത്തിൽ. കഴിഞ്ഞ ബജറ്റിൽ നികുതി കുടിശികക്കാർക്ക് സ്ലാബ് തിരിച്ചു മികച്ച ആനുകൂല്യങ്ങളോടെ ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചിരുന്നു. ഇതു തുടരും. സ്വകാര്യ വ്യവസായ പാർക്ക്, സ്വകാര്യ നിക്ഷേപം ആകർഷിക്കൽ, നിർമിതബുദ്ധി (എഐ), സ്റ്റാർട്ടപ്പ് എന്നിവയ്ക്കും പരിഗണന പ്രതീക്ഷിക്കുന്നു.
ഭൂ നികുതി ഉയർത്തുകയോ പ്രത്യേക സെസ് ചുമത്തുകയോ ചെയ്തേക്കും. റോഡ് നികുതിക്കുമേൽ സെസ് ചുമത്തുന്നതും പരിഗണനയിലുണ്ട്. ക്ഷേമ പദ്ധതികൾക്ക് വിഹിതം കൂട്ടുന്നതും അടിസ്ഥാന ജനവിഭാഗത്തിന് ആശ്വാസമാകുന്ന പദ്ധതികളിലെ വിഹിതം വർധിപ്പിച്ചും ജനപ്രിയ സ്വഭാവം നിലനിർത്താനും ശ്രമമുണ്ടാകും. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇവരുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതികൾക്കും, തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അവ തടയുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഇടംപിടിക്കാം.
തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനുള്ള നടപടികൾക്കും സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിൻറെ സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് കൈമാറുന്ന നയം മാറ്റമാണ് കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള നീക്കം. ഇതിൻറെ തുടർച്ച ബജറ്റിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.