ന്യൂഡല്‍ഹി: ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനൊടുവില്‍ ഡല്‍ഹിയില്‍ ജനങ്ങളുടെ വിധിയെഴുത്ത് തുടങ്ങി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.
രാവിലെ 7 മണി മുതല്‍ പോളിങ്ങ് ആരംഭിച്ചു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. 220 അര്‍ധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
വോട്ടുചെയ്തവര്‍ക്ക് ബുധനാഴ്ച പ്രത്യേക ഓഫറുകള്‍ നല്‍കാന്‍ ചേംബര്‍ ഓഫ് ട്രേഡ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തീരുമാനിച്ചു. ആംആദ്മി പാര്‍ട്ടി തുടര്‍ഭരണത്തിനും പ്രതിപക്ഷത്തെ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരുണ്ടാക്കാനും സര്‍വ ആയുധങ്ങളുമെടുത്താണ് കളത്തിലുള്ളത്. നേരത്തേ പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി അതിഷിയുടെ പേരില്‍ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. പോലീസുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്.
ഈ ജില്ലകളില്‍ തിരമാല ഉയരും, ജനങ്ങള്‍ ജാഗ്രത പാലിക്കുക; അധികൃതരുടെ മുന്നറിയിപ്പ്
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരത്തേ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചിരുന്നു ‘സ്ത്രീകള്‍ വോട്ടുചെയ്യുകയും വീട്ടിലെ പുരുഷന്മാരോട് ആം ആദ്മി പാര്‍ട്ടിക്കു വോട്ടുചെയ്യാന്‍ പറയുകയും ചെയ്താല്‍ പാര്‍ട്ടി 60 സീറ്റുകടക്കുമെന്ന് ഉറപ്പ്’. കൂടാതെ വോട്ടര്‍മാരെ ബിജെപി ഭീഷണിപ്പെടുത്തുന്നത് തടയാന്‍ എഎപി രഹസ്യക്യാമറകള്‍ ഇറക്കിയിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. ബിജെപിയുടെ ഗുണ്ടായിസത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി. അതേസമയം കേന്ദ്രവുമായി പോരടിച്ച് എഎപി സര്‍ക്കാര്‍ വികസനം മുടക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.