തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സമരത്തില്‍ കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസുകളില്‍ കേടുപാടുകള്‍ വരുത്തി. കൊട്ടാരക്കര ഡിപ്പോയിലെ പത്ത് കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് കിറ്റ് അടക്കം നശിപ്പിച്ചതായാണ് കണ്ടെത്തിയത്. ഇതോടെ സര്‍വീസ് മുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ അന്വഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
അഞ്ച് ഫാസ്റ്റ്, അഞ്ച് ഓര്‍ഡിനറി ബസുകളുടെ വയറിങ് കിറ്റും സ്റ്റാര്‍ട്ടര്‍ കേബിളുകളും, ഹെഡ് ലൈറ്റും അടക്കമാണ് നശിപ്പിച്ചതായി കണ്ടെത്തിയത്. ആറ് ബസുകളുടെ തകരാറുകള്‍ പരിഹരിച്ച് സര്‍വീസ് നടത്തി. എന്നാല്‍, ആദ്യസര്‍വീസ് മുടങ്ങിയത് വന്‍ നഷ്ടമായി. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടത്തു. വാഹനങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം സമരങ്ങള്‍ക്ക് എതിരെ കടുത്ത പ്രതിഷേധമുണ്ടെന്ന് സിഐടിയു അറിയിച്ചു.
ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ് സമരം ആഹ്വാനം ചെയ്തത്. കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. 12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.