മോസ്കോ: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. വിമതർ ഭരണം പിടിച്ചതിനു പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അസദ് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് റഷ്യ മൗനം പാലിച്ചു. അദ്ദേഹം പോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ റഷ്യ പങ്കെടുത്തിട്ടില്ലെന്നും സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. എല്ലാ സിറിയൻ പ്രതിപക്ഷ ഗ്രൂപ്പുകളുമായും മോസ്കോ ബന്ധപ്പെടുന്നുണ്ടെന്നും അക്രമത്തിൽനിന്നു വിട്ടുനിൽക്കാൻ എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നതായും അവർ വ്യക്തമാക്കി.
കഴിഞ്ഞ മാസം വിമതസേന അലപ്പോയിലെത്തിയപ്പോൾ അസദ്, റഷ്യ സന്ദർശിച്ചിരുന്നെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അസദിന്റെ മൂത്ത മകൻ റഷ്യയിലാണ് പഠിക്കുന്നത്. റഷ്യ ഇപ്പോൾ അസദിന് അഭയം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. 2015 മുതൽ ബഷാർ അൽ അസദ് ഭരണകൂടത്തിന് ഉറച്ച പിന്തുണയാണ് റഷ്യ നൽകുന്നത്. യുക്രെയ്നുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ സിറിയയിലെ വിമതനീക്കത്തിൽ സൈനികസഹായം റഷ്യ നൽകിയിരുന്നില്ല.
ഞായറാഴ്ച തലസ്ഥാനമായ ഡമാസ്കസിന്റെ നിയന്ത്രണം പിടിച്ചതോടെയാണ് 24 വർഷത്തെ അസദ് ഭരണം അവസാനിപ്പിച്ചതായി വിമതസേന പ്രഖ്യാപിച്ചത്. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കൻ പ്രദേശങ്ങളും കയ്യടക്കി. അസദ് സർക്കാർ വീണതോടെ സിറിയയിലെ തെരുവുകളിൽ വൻ ആഘോഷമാണ് നടക്കുന്നത്. ഡമാസ്കസിലെ സെൻട്രൽ സ്ക്വയറുകളിൽ ഒത്തുകൂടിയ ജനക്കൂട്ടം സിറിയൻ വിപ്ലവ പതാക വീശി, ആഹ്ലാദം പ്രകടിപ്പിച്ചു. പ്രസിഡിന്റെ കൊട്ടാരത്തിലേക്കും അസദിന്റെ കുടുംബവീട്ടിലേക്കും ജനങ്ങൾ ഇരച്ചുകയറി. ആഘോഷത്തിന്റെ ഭാഗമായി പലതവണ വെടിയുതിർക്കുകയും ചെയ്തു.