കൊച്ചി: അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. ഡിസംബർ ഒന്നു മുതൽ പദ്ധതി യാഥാർത്ഥ്യമാകും. ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല.
വൈദ്യുതി ബോർഡ് മധ്യമേഖല വിതരണ വിഭാഗത്തിന്റെ കീഴിൽ വരുന്ന തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സെൻട്രൽ ചീഫ് എൻജിനീയർ ഓഫിസിനു കീഴിലുള്ള 235 സെക്ഷൻ ഓഫിസ് സജ്ജമായതായി ബോർഡ് അറിയിച്ചു.
പാക്കേജ് കണക്ഷൻ എന്ന പേരിൽ www.kseb.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകർ പണം അടയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർ അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫിസുമായി ബന്ധപ്പെടണം.
കെഎസ്ഇബി പൂർണമായും ഓൺലൈൻ സേവനങ്ങളിലേക്ക് മാറുന്നതിന്‍റെ ഭാഗമായി വൈദ്യുതി കണക്‌ഷനുള്ള അപേക്ഷയും ഇനി ഓൺലൈനായി സമർപ്പിക്കണം. പുതിയ കണക്‌ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഡിസംബർ ഒന്നു മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്.
സെക്‌ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.
അപേക്ഷാ ഫോം കെഎസ്‌ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ www.kseb.in ല്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റനുസരിച്ചുള്ള പണമടച്ചാല്‍ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ്‌എംഎസ്/ വാട്സാപ്പ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും ഉപഭോക്താവിനു കഴിയുമെന്ന് അധികൃതർ അറിയിച്ചു.