ആസൂത്രണമെല്ലാം കിറുകൃത്യം, പരസ്പരം പേരറിയില്ല, പ്ലാനുകൾ ഡിസ്കസ് ചെയ്യില്ല, പണി കിട്ടിയത് മദ്യത്തിൽ; മറ്റൊരു കേസിൽ ജാമ്യ പേപ്പർ നൽകാൻ സ്റ്റേഷനിലെത്തിയതോടെ കുരുക്ക് മുറുകി

പെരിന്തൽമണ്ണ: സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ ആസൂത്രകനടക്കം ഒമ്പതുപേർ കൂടി അറസ്റ്റിൽ. കൊലക്കേസ് പ്രതി ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരടങ്ങുന്ന സംഘമാണു പിടിയിലായത്. വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ മോഷണമായിട്ടും പിടി വീഴുകയായിരുന്നു.

സംഭവമെല്ലാം കിറുകൃത്യം. വെൽ പ്ലാൻഡായി നടത്തിയ ഓപ്പറേഷൻ. പക്ഷെ പദ്ധതി പാളിയത് സ്വർണം മാറ്റിയശേഷം നടന്ന അലസമായ മദ്യപാനവും കവർച്ചാ സംഘത്തിലൊരാൾ ജാമ്യപേപ്പർ സമർപ്പിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയതും.

പെരുമ്പൽമണ്ണ കവർച്ച ഇങ്ങനെ

വ്യാഴാഴ്ച രാത്രി എട്ടരയോടെ പെരിന്തൽമണ്ണ ഊട്ടിറോഡിലെ ജൂവലറി അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറിൽ എത്തിയ ഒമ്പതു പേരടങ്ങുന്ന സംഘം ആക്രമിച്ച് സ്വർണം കവരുന്നു. പട്ടാമ്പി റോഡിൽവെച്ച് കാർ കുറുകെയിട്ട് ഇടിച്ചുവീഴ്ത്തുകയും മറിഞ്ഞുവീണ ഇരുവരുടെയും കണ്ണിലേക്ക് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തശേഷം കൈവശമുണ്ടായിരുന്ന മൂന്നരക്കിലോഗ്രാമോളം തൂക്കംവരുന്ന സ്വർണാഭരണങ്ങൾ കവർന്ന് കാറിൽ സംഘം രക്ഷപ്പെട്ടു.

തുടർന്ന് ചെർപ്പുളശ്ശേരിയിൽ എത്തിയ സംഘം രണ്ടായി പിരിയുകയായിരുന്നു. സ്വർണം സുരക്ഷിതമായി കാറിൽ കൊണ്ടുപോതോടെ മറ്റൊരു കാറിൽ തൃശ്ശൂരിലേക്ക് നീങ്ങിയ സംഘം എല്ലാം സെയ്ഫായെന്ന വിശ്വാസത്തിൽ മദ്യപാനത്തിലേക്ക് തിരിയുകയായിരുന്നു. കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയത് ആത്മവിശ്വാസം ഇരട്ടിയാക്കി. പക്ഷേ വെളുത്ത കാർ ഒന്നുപോലും വിടാതെ പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു.

തുടർന്ന് കാറിൽ രക്ഷപ്പെട്ട ഒൻപതുപേരും ചെർപ്പുളശ്ശേരിക്കടുത്ത് ഒരു സ്ഥലത്തെത്തി കാർ നിർത്തി. സംഘാം​ഗങ്ങളായ അജിത്, സലീഷ്, മനു, ഫർഹാൻ എന്നിവർ സ്വർണ്ണം അടങ്ങിയ ബാഗുകളുമായി വാഹനം മാറി. രണ്ടാമത്തെ കാറിലുള്ള അഞ്ച് പേരോടും അമല നഗറിലുള്ള റൂമിലേക്ക് പോകാനും നിർദ്ദേശിച്ചു. തുടർന്ന് അർജുൻ ഓടിച്ചുവന്ന കാറിൽ സ്വർണവുമായി ആദ്യസംഘം പോയി. എന്നാൽ തൃശ്ശൂർ ഭാഗത്തേക്ക് വന്ന കാറിലുണ്ടായിരുന്ന നിജിൽ രാജ്, പ്രബിൻ ലാൽ, സജിത്ത്, നിഖിൽ എന്നിവരെ സംശയത്തെതുടർന്ന് വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പക്ഷെ കാറിലുണ്ടായിരുന്ന വൈശാഖ് രക്ഷപ്പെട്ടു.

സ്വർണ്ണവുമായി രക്ഷപ്പെട്ട അജിത്ത്, സലീഷ്, ഫർഹാൻ, മനു എന്നിവർ സലീഷിന്റെ ബന്ധുകൂടിയായ അപ്പു എന്ന് വിളിക്കുന്ന മിഥുൻ എന്നയാളുടെ ജൂബിലി മിഷനു സമീപമുള്ള വീട്ടിലേക്കു നേരത്തേ നിശ്ചയിച്ചപ്രകാരം എത്തി. മിഥുനും, സലീഷും സ്വർണ്ണം ഉരുക്കി ബാറുകളാക്കുന്നതിനും വില്പന നടത്തുന്നതിനും ഇരുവരുടെയും സുഹൃത്തായ തൃശ്ശൂർ പട്ടിക്കാടിനടുത്ത് വീടുള്ള സതീഷിനെ കണ്ടു.

ഇതിനിടെ മോഷ്ടിച്ചതിൽ നിന്നും 500 ഗ്രാം വരുന്ന ഒരുബാർ സ്വർണം 35 ലക്ഷം രൂപയ്ക്ക് വിറ്റു. മറ്റൊരു കേസിൽ ജാമ്യം ലഭിച്ച സലീഷ് ജാമ്യപേപ്പർ പീച്ചി പോലീസ് സ്റ്റേഷനിൽ ഏല്പിക്കാൻ എത്തിയപ്പോൾ സംശയംതോന്നിയ പീച്ചി പോലീസ് പെരിന്തൽമണ്ണ പോലീസിനെ അറിയിച്ചു. പീച്ചിയിലെത്തിയ പെരിന്തൽമണ്ണ പോലീസ് സലീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് സ്വർണത്തിന്റെ വിവരങ്ങൾ ലഭിച്ചത്.

എന്നാൽ ആദ്യം പിടിയിലായവർക്ക് പോലും സ്വർണവുമായി ബന്ധപ്പെട്ട ആസൂത്രണങ്ങൾ അറിയില്ലായിരുന്നു. ജാമ്യപേപ്പറുമായി പോലീസ് സ്റ്റ ഷനിലെത്തിയ സലീഷിനെ പിടിച്ചതാണ് സ്വർണത്തിലേക്ക് വഴിതുറന്നത്.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയും നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന മൂരിയാട് പവിത്രത്തിൽ വിപിൻ (36), താമരശ്ശേരി അടിവാരം ആലംപടി ഷിഹാബുദീൻ (28), താമരശ്ശേരി അടിവാരം പുത്തൻവീട്ടിൽ അനസ് (27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു (28), തൃശ്ശൂർ മണ്ണൂത്തി കോട്ടിയാട്ടിൽ സലീഷ് (35), തൃശ്ശൂർ കിഴക്കേകോട്ട കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുൻരാജ് എന്ന അപ്പു (37), തൃശ്ശൂർ പാട്ടുരായ്ക്കൽ പറക്കോട്ടിൽ ലൈനിൽ കുറിയേടത്തു മന അർജുൻ (28), പീച്ചി കണ്ണാറ പായ്യാംകോട്ടിൽ സതീഷ് (46), തൃശ്ശൂർ കണ്ണാറ കഞ്ഞിക്കാവിൽ ലിസൺ (31) എന്നിവരെയാണ് കണ്ണൂർ, തൃശ്ശൂർ, താമരശ്ശേരി ഭാഗങ്ങളിൽനിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്. കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. അഞ്ച് പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്.

1.7 കിലോ സ്വർണവും 500 ഗ്രാം സ്വർണം വിറ്റതിന്റെ 35 ലക്ഷം രൂപയും ഒളിപ്പിച്ച സ്ഥലം പ്രതികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളുമായി സ്ഥലത്തെത്തി പോലീസ് വൈകാതെ ഇവ കണ്ടെടുക്കും. ഇനിയും സ്വർണം കണ്ടെടുക്കാനുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

കുറ്റകൃത്യത്തിനുപയോഗിച്ച കാർ കേന്ദ്രീകരിച്ച് തൃശ്ശൂർ റേഞ്ച് ഡിഐജി. തോംസൺ ജോസിന്റെ നിർദേശപ്രകാരം പാലക്കാട്, തൃശ്ശൂർ പോലീസ് നടത്തിയ പരിശോധനയിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശികളായ ശ്രീരജ് വീട്ടിൽ നിജിൽ രാജ് (35), കൂത്തുപറമ്പ് ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29), തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി കളിയങ്ങര സജിത്ത് കുമാർ (39), എളവള്ളി സ്വദേശി കോരാംവീട്ടിൽ നിഖിൽ (29) എന്നിവർ വെള്ളിയാഴ്ച തൃശ്ശൂരിൽ പിടിയിലായിരുന്നു. ഇവരെ പെരിന്തൽമണ്ണയിലെത്തിച്ച് പ്രത്യേക അന്വേഷണസംഘം കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് കണ്ണൂർ, തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ആസൂത്രണം നടത്തിയവരെക്കുറിച്ചും വിവരം ലഭിക്കുന്നത്.

പോലീസ് ഇൻസ്‌പെക്ടർമാരായ എ. ദീപകുമാർ, സുമേഷ് സുധാകരൻ, പി. സംഗീത്, സി.വി. ബിജു, എസ്.ഐ. എൻ. റിഷാദലി എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞാണ് കവർച്ച ആസൂത്രണംചെയ്തവരടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7