പാലക്കാട്: ബിജെപിയെ ദുർബലപ്പെടുത്താൻ അല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാലക്കാട് സിപിഐഎം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു. സംഘപരിവാർ പോലും നാണിച്ച് തരംതാഴ്ത്തുന്ന തരത്തിലുള്ള വർഗീയ പ്രചരണമാണ് സിപിഐഎം നടത്തിയത്തെന്നും വി ഡി സതീശൻ പറഞ്ഞു.
സിപിഐഎം ബിജെപി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവർക്ക് കൂടിയുള്ള തോൽവിയാണ് പാലക്കാടുള്ള വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിയെ പിടിച്ചു കെട്ടാൻ കഴിയുന്നത് ഐക്യ ജനാധിപത്യ മുന്നണിക്കാണ്. അത് വ്യക്തമാക്കുന്നതാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ വൻവിജയം.
കോൺഗ്രസിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയത്. ഈ വിജയം ഓരോ കോൺഗ്രസ് പ്രവർത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷികൾ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചു. ജനങ്ങൾക്കും വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ കുടുംബത്തിൽ പോയി കുടുംബത്തിന് ഒപ്പമാണെന്ന് പറയുകയും പി പി ദിവ്യക്ക് സംരക്ഷണം നൽകുകയും ചെയ്ത എംവി ഗോവിന്ദന് നന്ദി പറയണം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട് ഈ തെരഞ്ഞെടുപ്പ് ഇത്തരത്തിൽ ആക്കിയതിന്. ഈ വിജയത്തിന് ബിജെപിയോടും സിപിഐ എമ്മിനോടും കടപ്പെട്ടിരിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യവും കോൺഗ്രസ് പ്രവർത്തകരുടെ ഒരുമയോടുള്ള പ്രവർത്തനവും മുന്നോട്ട് കോൺഗ്രസിന് സജീവമായ വിജയം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ചേലക്കരയിലെ ഇടതുമുന്നണിയുടെ വിജയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടേക്കെന്ന ദിശാബോധം നൽകുന്ന വിധിയാണ്. മികച്ച ഭൂരിപക്ഷത്തിലാണ് യു.ആർ പ്രദീപ് ചേലക്കരയിൽ വിജയിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ സീറ്റ് നിലനിർത്താനായെന്നും അദ്ദേഹം വ്യക്തമാക്കി.
“എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർഗീയവാദികളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ടാണ് പ്രദീപിന്റെ വിജയം. ഇനി വരാൻ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിർണായകമായ ചുമതല നിർവ്വഹിക്കാനാകും എന്ന് തന്നെയാണ് ചേലക്കരയിലെ വിധിയെ ഞങ്ങൾ കാണുന്നത്” എം വി ഗോവിന്ദൻ പറഞ്ഞു.
ചേലക്കരയിൽ ഇടതിനെ തോൽപ്പിക്കാനാവില്ല മക്കളെ, രാധേട്ടനും പിള്ളാരും ഡബിളല്ല, ത്രിപ്പിൾ സ്ട്രോങ്ങാ…!!!
“പാലക്കാട് കുറേ കാലമായി ഞങ്ങൾ മൂന്നാം മത്സരത്തിനായി മുന്നോട്ട് എത്തിച്ചത്. ഡോ പി സരിൻ. മികച്ച സ്ഥാനാർത്ഥിയാണ് അദ്ദേഹം എന്ന് ഇപ്പോൾ നല്ല ബോധ്യമായി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒപ്പത്തിനൊപ്പമാണ് അദ്ദേഹം നിന്നത്. കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ലഭിച്ചിട്ടുണ്ട്. പാലക്കാട് ഇടതുമുന്നണി എഴുതി തള്ളേണ്ട സീറ്റ് അല്ലെന്ന് ഉറപ്പായി. എല്ലാ വർഗീയ ശക്തികളെയും നേരിട്ടു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ എസ്.ഡി.പി.ഐ യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പങ്ക് അവർ തന്നെ പ്രകടനം നടത്തി തെളിയിച്ചു. പാലക്കാട് പ്രവർത്തിച്ചത് മഴവിൽ സഖ്യമാണ്. ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും ചേർന്നുള്ള പ്രവർത്തനമാണ് കോൺഗ്രസിന്റെ വിജയത്തിന് കാരണമായത്.
അതേസമയം, പാലക്കാട്ടെ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ രംഗത്തെത്തി. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേർത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാകുമെന്നും സരിൻ വ്യക്തമാക്കി.