പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ പരിഹാസവുമായി പാർട്ടി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
പാർട്ടിയിലെ ബലിദാനികളെ വഞ്ചിക്കുന്ന നിലപാടാണ് സന്ദീപ് വാര്യർ ചെയ്തത്. സന്ദീപിനെതിരെ ബിജെപി നേരത്തെ നടപടിയെടുത്തതാണ്. അത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതുകൊണ്ടായിരുന്നില്ല. അതിൻറെ കണക്കുകൾ അന്നു പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാർട്ടി പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണെന്നും സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രീനിവാസൻറെയും സഞ്ജിത്തിൻറെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിൻറെ പിറ്റേദിവസമാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
തട്ടകം മാറ്റി, ഇനി ‘കൈ’ പിടിച്ച് മുന്നോട്ട്; സന്ദീപ് വാരിയർ കോൺഗ്രസിൽ
സന്ദീപിൻറെ കോൺഗ്രസ് പ്രവേശനം കേരളത്തിലോ, ബിജെപിയിലോ യാഥൊരു വിധത്തിലുള്ള ചലനങ്ങളും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിനെ മുറുകെ പിടിക്കാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് താൻ അഭ്യർഥിക്കുകയാണെന്നും സുരേന്ദ്രൻ.
താൻ കോൺഗ്രസിൽ എത്തിയതിന് കാരണം സുരേന്ദ്രൻ ആണെന്ന, സന്ദീപ് വാര്യരുടെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ ആയിക്കോട്ടെ എന്നായിരുന്നു മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം മണക്കുന്നു. യുഡിഎഫ് തവിടുപൊടിയാകുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.