കഴിഞ്ഞ തവണ കൂടുതൽ സാസാരിച്ചകൊണ്ടാണെന്ന് തോന്നുന്നു രണ്ട് ഡക്ക് വന്നു; ഇത്തവണ സംസാരിക്കാനില്ല, ആത്മവിശ്വാസം കൈവിട്ടിട്ടില്ല

ജൊഹാനസ്ബർഗ്: ഇതുവരെയുള്ള ജീവിതത്തിൽ താൻ ഒട്ടേറെ പരാജയങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യിൽ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.

ഇത്തവണ കൂടുതൽ സംസാരിക്കാനില്ല. കഴിഞ്ഞ തവണ കുറേയധികം സംസാരിച്ചെന്നും അതിന് പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കിന് പുറത്തായെന്നും തമാശ കലർത്തി സഞ്ജു ‌പറഞ്ഞു. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു പിന്നീട് നടന്ന രണ്ട് മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ പുകഴ്ത്തിയ പലരും വിമർശനങ്ങളുമുന്നയിച്ചിരുന്നു.

‘ജീവിതത്തിൽ ഞാൻ ഒരുപാട് പരാജയങ്ങൾ നേരിട്ടിട്ടുണ്ട്. തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകൾ. അപ്പോഴും ഞാൻ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നിൽത്തന്നെ അടിയുറച്ച് വിശ്വസിച്ചു. കഠിനപ്രയത്‌നം നടത്തി. അതിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചത്.

ഒന്ന് രണ്ട് തവണ തുടർച്ചയായി പരാജയപ്പെട്ടതോടെ ഞാൻ ഒരുപാട് ചിന്തിച്ചു. ഇന്ന് അഭിഷേകും തിലകും പിന്തുണ നൽകി. തിലക് ഏറെ ഭാവിയുള്ള താരമാണ്. ഞങ്ങൾ ഒട്ടേറെ കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഒരു കൂട്ടുകെട്ടുണ്ടായതിൽ സന്തോഷം.

എന്തായാലും ഞാൻ കൂടുതൽ സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ സെഞ്ചുറി നേടിയ ശേഷം ഞാൻ കൂടുതൽ സംസാരിച്ചു. പിന്നാലെ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ കണ്ടെത്തി അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുക. അതാണ് ലക്ഷ്യം. ഇങ്ങനെയൊരു പ്രകടനമാണ് ക്യാപ്റ്റൻ പ്രതീക്ഷിച്ചത്. അത് പൂർത്തിയാക്കാനായതിൽ സന്തോഷം’-സഞ്ജു വ്യക്തമാക്കി.

നാലാം ട്വന്റി-20യിൽ 56 പന്തിൽ 109 റൺസാണ് സഞ്ജു നേടിയത്. 135 റൺസിന് വിജയിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഇന്ത്യയുടെ 283 റൺസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 148 റൺസ് എടുക്കാനെയായുള്ളു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7