ബോധ്ഗയ: ബീഹാറിലെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണവുമായി രാഹുല്‍ഗാന്ധി വീണ്ടുമെത്തുന്നു. ബീഹാറിലെ ബോധ് ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്പറില്‍ 947 വോട്ടര്‍മാരെ ചേര്‍ത്തെന്നാണ് ആരോപണം. വീട്ടുനമ്പര്‍ സാങ്കല്‍പ്പികമാണെന്നും വീടുകള്‍ക്ക് യഥാര്‍ത്ഥ നമ്പറുകളില്ലെന്നുമാണ് ഇതിന് പ്രാദേശിക അധികാരികളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും നല്‍കുന്ന വിശദീകരണം.
‘ഔദ്യോഗിക വോട്ടര്‍പട്ടികയില്‍ – 947 വോട്ടര്‍മാര്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. വീട്ടുനമ്പര്‍ 6 യാഥാര്‍ത്ഥ്യമാണോ എന്ന് രാഹുല്‍ ചോദിച്ചു. നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ട്. ഒരു സാങ്കല്‍പ്പിക വീട്ടിലേക്ക് ഗ്രാമത്തെ മുഴുവന്‍ പേരുകളും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് രാഹുല്‍ ആരോപിച്ചു. ബൂത്ത് ലെവല്‍ ഓഫീസറുടെ വീടുതോറുമുള്ള പരിശോധനയെ ചോദ്യം ചെയ്ത പാര്‍ട്ടി, യഥാര്‍ത്ഥ വീട്ടുനമ്പറുകള്‍ എന്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ഇതില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനമെന്നും ചോദിച്ചു.
”ഇതൊരു സാധാരണ തെറ്റല്ല, സുതാര്യതയുടെ പേരില്‍ നടത്തിയ ഒരു പരിഹാസമാണ്. വീട്ടുനമ്പറുകള്‍ മായ്ച്ചുകളയുമ്പോള്‍ വ്യാജ വോട്ടര്‍മാരെയും, ഇരട്ടപ്പേരുകളെയും, അദൃശ്യ വ്യക്തികളെയും മറച്ചുവെക്കാന്‍ എളുപ്പമാകും,” കോണ്‍ഗ്രസ് ആരോപിച്ചു. ”ഒരു ചെറിയ ഗ്രാമത്തിലെ 947 വോട്ടര്‍മാരെ ഒരു വിലാസത്തില്‍ ‘നിക്ഷേപിക്കാന്‍’ കഴിയുമെങ്കില്‍, ബീഹാറിലും ഇന്ത്യയിലാകെയും ക്രമക്കേടുകളുടെ വ്യാപ്തി എത്ര വലുതായിരിക്കുമെന്ന് ഒന്ന് സങ്കല്‍പ്പിച്ചുനോക്കാനും കോണ്‍ഗ്രസ് എക്‌സില്‍ ഇട്ട പോസ്റ്റില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: ”തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാന്ത്രികവിദ്യ കാണുക, ഒരു ഗ്രാമം മുഴുവന്‍ ഒരു വീട്ടില്‍ കുടിയേറി.” എന്നാല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായി, ഗ്രാമവാസികളില്‍ നിന്നുള്ള നാല് വീഡിയോ ക്ലിപ്പുകള്‍ ഗയ ജില്ലാ ഭരണകൂടം എക്സില്‍ പങ്കുവെച്ചു. ”നിരവധി ഗ്രാമങ്ങളില്‍ വീട്ടുനമ്പറുകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍, വോട്ടര്‍പട്ടികയില്‍ പ്രതീകാത്മക വീട്ടുനമ്പറുകള്‍ നല്‍കിയിട്ടുണ്ട്. പരാമര്‍ശിച്ച വോട്ടര്‍മാര്‍ എല്ലാവരും ഗ്രാമത്തില്‍ താമസിക്കുന്നവരും യഥാര്‍ത്ഥ വോട്ടര്‍മാരുമാണ്. നിദാനി ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ 161-ലെ വോട്ടര്‍മാര്‍ തന്നെ സാഹചര്യം വ്യക്തമാക്കുകയാണ്,” പോസ്റ്റില്‍ പറയുന്നു.
ഒരു വോട്ടറുടെ വീടിന് യഥാര്‍ത്ഥ വീട്ടുനമ്പര്‍ ഇല്ലാത്തപ്പോള്‍ നല്‍കുന്ന ഒരു സാങ്കല്‍പ്പിക വീട്ടുനമ്പര്‍ നല്‍കും. ഗ്രാമങ്ങളിലോ, ചേരികളിലോ, താല്‍ക്കാലിക താമസസ്ഥലങ്ങളിലോ വീടുകള്‍ക്ക് സ്ഥിരമായ വീട്ടുനമ്പറുകള്‍ ഉണ്ടാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് ഓരോ വീടിനും ഒരു ക്രമനമ്പര്‍ നല്‍കുന്നു. ഈ നമ്പര്‍ പട്ടികപ്പെടുത്തുന്നതിനുള്ള സൗകര്യത്തിനും വോട്ടര്‍മാരെ ശരിയായ ക്രമത്തില്‍ രേഖപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണെന്ന് ബീഹാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് വിശദീകരിച്ചു.