ഹൈദരാബാദ്: ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തു മരിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6.30 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവമറിഞ്ഞ് അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്, താമസിയാതെ മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. മുകളിലത്തെ നിലയിലെ മുറികളിൽ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ കൂടുതൽ പേരും. തീപിടുത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കെട്ടിടത്തിലേക്കു വഴിയില്ലാതിരുന്നത് കാരണം തീ അണയ്ക്കൽ വൈകിയിരുന്നു.
അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരുക്കേറ്റവർക്കു മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി. ഇത്തരം സംഭവങ്ങൾ വളരെ ദുഃഖകരമാണെന്നും കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിക്കുമെന്നും ഈ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.