കൊച്ചി:ചുരിദാര്‍ ധരിച്ചെത്തി അയല്‍ വീട്ടിലെ സിസിടിവി കാമറ നശിപ്പിച്ച സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. കൊച്ചി മുളന്തുരുത്തിയില്‍ ആണ് സംഭവം. മുളന്തുരുത്തിക്ക് സമീപമുള്ള വെട്ടിക്കുളത്ത് 55 കാരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജ്യം വിട്ട പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2024 ഒക്ടോബര്‍ 23 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ച ഒരാളാണ് വീട്ടില്‍ അതിക്രമിച്ച് കയറി പുല്‍ത്തകിടിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയ്ക്ക് കേടുപാടുകള്‍ വരുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു. ദൃശ്യത്തിലുള്ളത് സ്ത്രീയല്ല മറിച്ച് വേഷംമാറിയെത്തിയ അയല്‍ക്കാരനാണെന്നും വ്യക്തമായി. എന്നാല്‍, സംഭവത്തിന് പിന്നാലെ ഇയാള്‍ രാജ്യം വിട്ടിരുന്നു.
ഇതോടെ മറ്റ് നടപടികള്‍ തടസപ്പെട്ടു. വിഷയത്തില്‍ പൊലീസ് കേസെടുത്തതോടെ ജാമ്യം നേടാനുള്ള ശ്രമങ്ങളും പ്രതി ആരംഭിക്കുകയായിരുന്നു.സ്ത്രീയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ അത് തന്റെ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സ്വകാര്യതയെ ഹനിക്കുന്നു ന്നൊണ് പ്രതിയുടെ അവകാശവാദം. കാമറ സ്ഥാപിച്ച രീതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്ക് എതിരായ പരാതി വ്യക്തിപരമായ പ്രതികാര നടപടിയാണെന്നും എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി പറയുന്നു.
എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച കോടതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ അധികൃതരെ സമീപിക്കാതെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. കേസില്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമെന്നും ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതോടെ ജാമ്യം തേടി കേരള ഹൈക്കോടതി സമീപിച്ചിരിക്കുകയാണ് പ്രതി.