കോഴിക്കോട്: കടം വീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി പത്താം ക്ലാസ് വിദ്യാർത്ഥി. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പത്താം ക്ലാസുകാരനാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ വീട്ടുകാരിൽ നിന്ന് പണം വാങ്ങിക്കാൻ ലക്ഷ്യമിട്ടത്. തനിക്ക് ഒരു ലക്ഷം രൂപ കടമുണ്ടെന്നും അതു വീട്ടാനായാണ് ഇങ്ങനെയൊരു നാടകം ക്രിയേറ്റ് ചെയ്തതെന്നും പത്താംക്ലാസുകാരൻ സമ്മതിച്ചു.
‘പ്രവാസികള്‍ക്ക് മാത്രം കൂടുതല്‍ നികുതി’, ഈ സാഹചര്യം പരിശോധിക്കേണ്ടതുണ്ട്
വിദ്യാർഥി സ്‌കൂൾ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് ഭയന്നുപോയ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തുകയും ചെയ്തു. ഈ സമയം കുട്ടിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഒരു കോൾ വന്നു. ‘നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലാണ്. വിട്ടുകിട്ടണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണം’- എന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. വിവരം വീട്ടുകാർ പോലീസിനു കൈമാറി.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. വിദ്യാർഥി സഹപാഠികളിൽ നിന്ന് ബൈക്ക് കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ട്. തുടർന്ന് ഈ കുട്ടികൾ തന്നെയാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ പണം കിട്ടുമെന്ന് പറഞ്ഞത്.
ഇതോടെ ഇവർ തട്ടിക്കൊണ്ടു പോകൽ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. വിദ്യാർഥിയുടെ സുഹൃത്തുക്കൾ തന്നെയാണ് വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെട്ടത്. ഇവരെ പോലീസ് പിടികൂടിയെങ്കിലും രക്ഷിതാക്കൾക്കൊപ്പം വിട്ടു. തന്റെ കൈയിൽ പണമില്ലാത്തതിനാൽ താൻ തന്നെയാണ് നാടകം കളിച്ചതെന്ന് വിദ്യാർഥി സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് കൗൺസലിംഗ് നൽകുമെന്ന് അധികൃതർ അറിയിച്ചു. കബളിപ്പിക്കാൻ ശ്രമിച്ചതിന് വിദ്യാർഥിയുടെ വീട്ടുകാർ പരാതിയൊന്നും നൽകിയിട്ടില്ല.