പട്‌ന: ഉയർന്ന ജാതിക്കാരായ ‘10 ശതമാനം’ പേരുടെ നിയന്ത്രണത്തിലാണ് രാജ്യത്തെ സൈന്യവും ബഹുരാഷ്ട്ര കമ്പനികളുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബാക്കി 90 ശതമാനം വരുന്ന ജനങ്ങൾക്കും സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിലെ കുതുംബയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമർശം. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ-
‘‘സൂക്ഷിച്ചു നോക്കിയാൽ രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും ദലിത്, മഹാദലിത്, പിന്നാക്ക, അതി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുളളവരാണെന്ന് കാണാൻ കഴിയും. 90 ശതമാനം ജനങ്ങളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരും ഗോത്ര വിഭാഗങ്ങളിൽ നിന്നുളളവരുമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടിക എടുത്താൽ അതിൽ പിന്നാക്ക, ദലിത് വിഭാഗങ്ങളിൽ നിന്നുളള ഒരാളെയും നിങ്ങൾക്ക് കണ്ടെത്താനാകില്ല. അവരെല്ലാം ആ 10 ശതമാനം പേരിൽ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവർക്കാണ് ലഭിക്കുന്നത്. സായുധ സേനയുടെ മേലും അവർക്കാണ് നിയന്ത്രണം.
മാത്രമല്ല ബാക്കിയുളള 90 ശതമാനം ജനങ്ങളും എവിടെയും പ്രതിനിധീകരിക്കപ്പെടുന്നില്ല. രാജ്യത്തെ ജനസംഖ്യയുടെ ആ 90 ശതമാനം ജനങ്ങൾക്കും അന്തസോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടത്. കോൺഗ്രസ് എന്നും പിന്നാക്കക്കാർക്ക് വേണ്ടി പോരാടിയിട്ടുണ്ട്.’’














































