മലപ്പുറം: സ്വകാര്യ സർവകലാശാലാ ബില്ലിനെക്കുറിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗം നീണ്ടുപോയതിന് സ്പീക്കർ എഎൻ ഷംസീർ ശാസിച്ചതിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. പ്രസംഗം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ പ്രതികരണം. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞുവന്നപ്പോൾ സമയം അൽപം നീണ്ടുപോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
ലീഗ് കോട്ടയായ മലപ്പുറത്തുനിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം ‘ഉശിര്’ കൂടും. അത് പക്ഷെ, ‘മക്കയിൽ’ ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല എന്ന പരിഹാസവും ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിന്റെ വകയായി ഉണ്ടായിരുന്നു.
കഴിഞ്ഞദിവസമാണ് സ്വകാര്യ സർവകലാശാല ബില്ലിന്റെ ചർച്ചയ്ക്കിടെ ഇടത് അംഗമായ കെടി ജലീലിനെതിരെ സ്പീക്കർ എഎൻ ഷംസീർ രൂക്ഷമായി പ്രതികരിച്ചത്. ജലീൽ സമയപരിധി പാലിക്കാത്തതും മൈക്ക് ഓഫ് ചെയ്തശേഷവും പ്രസംഗം തുടർന്നതുമാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ജലീൽ ചെയറിനെ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിറുത്തതാത്തത് ധിക്കാരമാണെന്നും സ്പീക്കർ ശാസിച്ചു. ബില്ലിൽ പ്രതിപക്ഷ അംഗങ്ങൾ പത്തുമിനിട്ടിനുള്ളിൽ പ്രസംഗം നിറുത്തിയപ്പോൾ ജലീൽ പതിനേഴ് മിനിട്ട് സംസാരിക്കുകയായിരുന്നു. സ്പീക്കർ പലതവണ പറഞ്ഞിട്ടും ജലീൽ പ്രസംഗം അവസാനിപ്പിച്ചില്ല. ഇതോടെ സ്പീക്കർ മൈക്ക് ഓഫാക്കുകയും മറ്റൊരു അംഗത്തെ സംസാരിക്കാൻ ക്ഷണിക്കുകയും ചെയ്തു. എന്നിട്ടും ജലീൽ അനുസരിക്കാതെ പ്രസംഗം തുടർന്നു. മൈക്ക് ഓഫാക്കിയത് ശരിയായില്ലെന്ന് അദ്ദേഹം സ്പീക്കറോട് പറയുകയും ചെയ്തു. എന്നാൽ കെടി ജലീലിന് സഭയിൽ പ്രത്യേക പ്രിവിലേജ് ഒന്നുമില്ലെന്നും ചെയർ ഇതിന് മറുപടി നൽകുകയും ചെയ്തു.
കെടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്വകാര്യ സർവകലാശാലാ ബില്ലിൻ്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം “ഉശിര്” കൂടും. അത് പക്ഷെ, “മക്കയിൽ” ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.