തൃശൂര്‍: കേരളാ പൊലീസ് തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. റീല്‍സ് എടുത്ത് സമൂഹമാധ്യമങ്ങളില്‍ നന്മമരങ്ങളായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനുളളില്‍ നീചന്മാരായി പെരുമാറുകയാണെന്നും തോന്ന്യാസത്തിന്റെ അങ്ങേയറ്റമാണ് കാണിച്ചതെന്നും പറഞ്ഞു.
കുന്നംകുളത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഭയാനകമാണെന്നും കേരളം ഇതുവരെ കാണാത്ത ദൃശ്യങ്ങളാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിന് ഭാഗികമായ നീതി മാത്രമാണ് കിട്ടിയിട്ടുളളതെന്നും മണ്ഡലം തലം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. കുന്നംകുളം പൊലീസ് സ്റ്റേഷനിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിലായിരുന്നു അബിന്‍വര്‍ക്കിയുടെ പ്രതികരണം വന്നത്. നേരത്തേ കോണ്‍ഗ്രസ് നേതാക്കളും നടപടി ആവശ്യപ്പെട്ടിരുന്നു. .
ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസുകാര്‍ ചോദ്യം ചെയ്യുന്നത് ചോദിച്ചതിനായിരുന്നു സുജിത്തിനെ പോലീസ് ഷര്‍ട്ട് പോലും ഇടുവിക്കാതെ സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുവന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, മദ്യപിച്ചു ബഹളമുണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്താന്‍ ശ്രമിച്ചെങ്കിലും വൈദ്യ പരിശോധനയില്‍ സുജിത് മദ്യപിച്ചില്ലെന്ന് വ്യക്തമാകുകയായിരുന്നു. പിറ്റേന്ന് കോടതി ജാമ്യം നല്‍കുകയും ചെയ്തു. എന്നാല്‍ സ്‌റ്റേഷനുള്ളിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം വിവരാവകാശ കമ്മീഷന്റെ ഇടപെടലിലാണ് പുറത്തുവന്നത്.
പൊലീസ് ക്രൂരമായ അതിക്രമം അഴിച്ചുവിട്ട സമയം വേറെയില്ല. വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായി. രണ്ട് വര്‍ഷമായി എഫ് ഐ ആറില്‍ ഇതുവരെ ഒരു ചാര്‍ജ് ഷീറ്റ് പോലും സമര്‍പ്പിക്കാന്‍ പൊലീസിനായില്ല. മനപ്പൂര്‍വ്വമായ കളളക്കേസാണിത്. സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ തരാന്‍ മടിച്ചെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരതയെന്നാണ് സുജിത്തിന്റെ പ്രതികരണം. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് പറഞ്ഞിരുന്നു. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സുജിത്ത് പറഞ്ഞു.
‘മര്‍ദനത്തിന് പിന്നാലെ ഇടത് ചെവിക്ക് കേള്‍വി പ്രശ്‌നം നേരിട്ടു. എസ് ഐയുടെ നിര്‍ദേശപ്രകാരമാണ് പൊലീസുകാര്‍ മര്‍ദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകനായതിനാലാകാം എന്നെ മര്‍ദിച്ചത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പറയുന്നത് കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. സിസിടിവിയില്‍ കാണുന്നതിന് പുറമെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കൊണ്ടുപോയി മര്‍ദിച്ചു. ചുമരിനോട് ചേര്‍ത്ത് ഇരുത്തി കാല്‍ നീട്ടിവെപ്പിച്ച് കാലിനടിയില്‍ ലാത്തികൊണ്ട് തല്ലി. തല്ലിയതിന് ശേഷം നിവര്‍ന്ന് നിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. മജിസ്ട്രേറ്റിന് മുന്നിലാണ് പൊലീസ് മര്‍ദനത്തെകുറിച്ച് തുറന്നു പറഞ്ഞതെന്നും ശരീരം മോശം അവസ്ഥയിലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.