ഹൈദരാബാദ്: അച്ചടക്കം ലംഘനം ചൂണ്ടിക്കാട്ടി സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ബിആര്‍സി പാര്‍ട്ടിവിട്ട വനിതാനേതാവ് കെ. കവിത എംഎല്‍സി സ്ഥാനവും രാജിവെച്ചു. കഴിഞ്ഞ ദിവസമായിരുന്നു കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ബിആര്‍എസ്സില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിനിടെയായിരുന്നു സസ്പെന്‍ഷന്‍.
ബിആര്‍എസ് നേതാക്കള്‍ക്കെതിരേ കവിത നേരത്തേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ബിആര്‍എസ് നേതാക്കളായ ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും തനിക്കെതിരേ നടന്ന പാര്‍ട്ടി നടപടിയില്‍ പങ്കുണ്ടെന്നും കവിത പറഞ്ഞു. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആര്‍എസിനെ ബിജെപിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചു എന്നും കവിത വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പോര് ശക്തമാണ്.
ഇരുവരും കവിതയുടെ ബന്ധുക്കള്‍ കൂടിയാണ്. തെലങ്കാനയില്‍ അധികാരം നഷ്ടമായതിന് പിന്നാലെ ബിആര്‍എസ് കടന്ന് പോകുന്നത് സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടിയാണ്. പാര്‍ട്ടിക്കകത്ത് കവിതയ്ക്ക് എതിരെ വലിയ വികാരം ഉയര്‍ന്നതിന് പിന്നാലെയാണ് സസ്പെന്‍ഷനിലേക്ക് പാര്‍ട്ടി കടന്നത്. ദില്ലി മദ്യനയ അഴിമതിയില്‍ കെ കവിത അറസ്റ്റിലായതിന് പിന്നിലും ബിആര്‍എസിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനം ശക്തമാണ്.