ജറുസലേം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. ശക്തമായ വ്യോമാക്രമണമാണ് ഗാസ സിറ്റിയിൽ നടന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. അതേസമയം വെടിനിർത്തൽ കരാറിനെ വിജയം എന്നാണ് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് വിശേഷിപ്പിച്ചത്. പലസ്തീൻ ജനത നടത്തിയ പ്രതിരോധത്തിൻ്റെ വിജയം എന്നാണ് ഇറാൻ്റെ ഔദ്യോഗിക പ്രതികരണം.
എന്നാൽ ഇസ്രയേൽ സർക്കാർ മുന്നോട്ടു വച്ച കരാറിലെ നിബന്ധനകളിൽനിന്നു ഹമാസ് പിന്നോട്ടു പോയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചു. ഗാസയിൽ കഴിഞ്ഞ 15 മാസമായി നടന്ന വിനാശകരമായ യുദ്ധത്തിന് വിരാമമിടുന്ന വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രസ്താവന. അതേസമയം കരാറിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഗാസയിലെ ജനങ്ങളെ സുരക്ഷിതവും സുസ്ഥിരവുമായ സമാധാനത്തിലേക്ക് നയിക്കാൻ കരാർ സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വെടിനിർത്തൽ കരാർ ഞായറാഴ്ച നിലവിൽ വരുമെന്നാണു സൂചന.
















































