തിരുവനന്തപുരം: സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. ടൂറിസം കേന്ദ്രമായി എക്സൈസ് വിജ്ഞാപനം ചെയ്തതോടെ ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബിയർ–വൈൻ ലൈസൻസ് എടുക്കാം. ടൂറിസം വകുപ്പ് നേരത്തേ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളായി അംഗീകരിച്ച സ്ഥലങ്ങളാണിവ.
ടൂറിസം വകുപ്പ് അംഗീകരിച്ച 15 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 2003 ൽ എക്സൈസ് വകുപ്പ് വിജ്ഞാപനമിറക്കിയിരുന്നു. ഇവിടെയെല്ലാം ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബിയർ– വൈൻ ലൈസൻസുകളും അനുവദിച്ചിരുന്നു. തുടർന്ന്, നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിനു മുൻപിലെത്തി. ഇക്കൂട്ടത്തിൽനിന്നു തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് ഇപ്പോൾ ഒരുമിച്ച് 74 കേന്ദ്രങ്ങളെ അംഗീകരിച്ചത്. വിദേശമദ്യ ചട്ടം, കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ റൂൾസ് എന്നിവയനുസരിച്ചാണ് നടപടി.
ഇപ്പോൾ സംസ്ഥാനത്ത് ഇരുനൂറിലധികം ബിയർ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ അധികവും യുഡിഎഫ് സർക്കാരിന്റെ കാലത്തു പൂട്ടിപ്പോയ ബാറുകൾ പിന്നീട് ബിയർ ലൈസൻസ് എടുത്തവയാണ്. വിദേശ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ടൂറിസം മേഖലകളിലെ റസ്റ്ററന്റുകൾക്കു പ്രത്യേക കാലയളവിൽ ബിയറും വൈനും വിൽക്കാൻ ലൈസൻസ് അനുവദിക്കുമെന്നു കഴിഞ്ഞ മദ്യനയത്തിൽ നിർദേശമുണ്ട്. വാർഷിക ലൈസൻസ് ഫീ 4 ലക്ഷം അടയ്ക്കേണ്ട സ്ഥാനത്ത് ഇവ സീസണിലേക്കുള്ള വിഹിതം മാത്രം അടച്ചാൽ മതിയാകും.
കെടിഡിസിയുടെ ബിയർ പാർലറുകൾ ഘട്ടംഘട്ടമായി ബാറുകളാക്കി മാറ്റാനും ആലോചനയുണ്ട്. അറുപതിലധികം ബിയർ പാർലറുകൾ കെടിഡിസിക്കുണ്ട്.
പുതുതായി ബിയർ-വൈൻ പാർലറുകൾ ആരംഭിക്കാൻ ടൂറിസം പ്രദേശങ്ങൾ (ജില്ല തിരിച്ച്)
തിരുവനന്തപുരം: പൊൻമുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർ ഡാം, തിരുവനന്തപുരം വിക്രമപുരം ഹിൽസ്, കാപ്പിൽ∙
കൊല്ലം: തെന്മല–പാലരുവി, പരവൂർ–തെക്കുംഭാഗം, കൊല്ലം ബീച്ച്, മൺറോതുരുത്ത്, തങ്കശ്ശേരി, ജടായുപ്പാറ, അഷ്ടമുടി.
പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ∙
ആലപ്പുഴ: ആലപ്പുഴ, ആലപ്പുഴ കായൽ, കാക്കത്തുരുത്ത്, പാതിരാമണൽ ∙ കോട്ടയം: വൈക്കം, കോടിമത∙
ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ–രാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം, ചിന്നക്കനാൽ, ഇലവീഴാപൂഞ്ചിറ, വാഗമൺ∙
എറണാകുളം: കൊച്ചി, കാലടി, മലയാറ്റൂർ–മണപ്പാട്ടുചിറ, കുഴിപ്പള്ളി–ചെറായി–മുനമ്പം ബീച്ച്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസിരിസ് ഹെറിറ്റേജ് ടൂറിസം പ്രദേശം∙
തൃശൂർ: സ്നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, അതിരപ്പിള്ളി, മലക്കപ്പാറ∙
പാലക്കാട്: പറമ്പിക്കുളം, നെല്ലിയാമ്പതി, മലമ്പുഴ, സൈലന്റ് വാലി∙
മലപ്പുറം: കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ∙
കോഴിക്കോട്: കോഴിക്കോട് ബീച്ച്, കാപ്പാട്, കടലുണ്ടി പക്ഷിസങ്കേതം, കക്കയം, തുഷാരഗിരി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ കോട്ട–ബീച്ച്∙
വയനാട്: കുറുവ ദ്വീപ്, ഇടയ്ക്കൽ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തിരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്∙
കണ്ണൂർ: പാലക്കയം തട്ട്, പൈതൽമല, തലശ്ശേരി, ധർമടം, കൊട്ടിയൂർ∙
കാസർകോട്: കോട്ടപ്പുറം.
Beer And Wine License: Kerala’s Excise Department grants Beer and Wine licenses to 74 new tourist spots.
Tourism Excise Thiruvananthapuram News Kerala News Malayalam News