തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ കോണ്‍ഗ്രസും ബിജെപിയും രൂക്ഷവിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുഐക്യവേദി സമാന്തര വിശ്വാസസംഗമം പന്തളത്ത് നടത്താനും നോക്കുമ്പോള്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ പരിപാടിയിലേക്ക് ഔപചാരികമായി ക്ഷണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.
സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് പരിപാടിക്ക് ക്ഷണിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷണം. നേരത്തേ പരിപാടിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയനാടകമെന്നാണ് വിമര്‍ശിച്ചത്.
കോണ്‍ഗ്രസും പരിപാടിയെ വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലവും ഇതേ വിഷയത്തില്‍ എടുത്തിട്ടുള്ള കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. പത്തുവര്‍ഷക്കാലത്തിനിടയില്‍ അവസാന വര്‍ഷം എന്തിനാണ് സര്‍ക്കാര്‍ ഇത്തരമൊരു പരിപാടിയുമായി വരുന്നത് എന്തിനാണെന്നും ഈ ചോദ്യങ്ങള്‍ക്കെല്ലാം ആദ്യം സര്‍ക്കാര്‍ ഉത്തരം പറയട്ടെ എന്നും പറഞ്ഞിരുന്നു.
അതേസമയം ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വിശ്വാസസംഗമം നടത്താനുള്ള നീക്കത്തിലാണ് ഹിന്ദുഐക്യവേദി. പന്തളത്ത് നടത്തുന്ന സമാന്തര അയ്യപ്പ സംഗമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനാണ് നീക്കം. ബിജെപി ഇതര നേതാക്കളെയും ക്ഷണിക്കാനാണ് നീക്കം.