ചെന്നൈ: കരൂരിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുനിമിഷം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അപകടത്തിൽ 39 പേർ മരിച്ചതായാണ് ഇതുവരെ വന്ന കണക്ക്. ദുരന്തമുണ്ടായതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗ് ക്യാംപെയ്ൻ ശക്തമായിരിക്കുകയാണ്.
അതേസമയം താരത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും വിജയ് വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് ആക്ഷേപം. അപകടത്തിൽ ഗുരുതരാവസ്ഥയിലുള്ളവരുമായി കൺമുന്നിലൂടെ ആംബുലൻസ് പോയിട്ടും വിജയ് കണ്ടില്ലെന്ന് നടിച്ചതായും ആരോപണമുണ്ട്.
ഇതിനു പിന്നാലെയാണ് വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ക്യാംപെയ്ൻ ശക്തമായത്. സമൂഹ മാധ്യമങ്ങളിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. “12 മണിക്ക് എത്തുമെന്ന് പറഞ്ഞിട്ടും വിജയ് വൈകിയതുകൊണ്ടാണ് ഈ ദാരുണ സംഭവം നടന്നത്. പോലീസേ, ഈ കളി നിർത്തി വിജയ്‌യെ അറസ്റ്റ് ചെയ്യൂ,” എന്നാണ് ഒരാളുടെ എക്സ് പോസ്റ്റ്. “ഇത്തവണ ഇത് പറയാൻ ഞാൻ ആഗ്രഹിച്ചില്ല, പക്ഷെ ഓർമ്മിപ്പിക്കേണ്ടതുണ്ട് — കരൂരിൽ നടൻ വിജയ്‌യുടെ റാലിയിലെ തിക്കിലുംതിരക്കിലും കുട്ടികളടക്കം 40-ൽ അധികം പേർക്ക് ജീവൻ നഷ്ടമായി. ആർസിബിയുടെ ആഘോഷത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ, ചില ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ‘വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യൂ’ എന്ന് കരയുന്നുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, അതേ യുക്തി അനുസരിച്ച് വിജയ്‌യെ അറസ്റ്റ് ചെയ്യേണ്ടതല്ലേ?” മറ്റൊരു ട്വീറ്റ് ഇങ്ങനെ.”എൻ്റെ അഭിപ്രായത്തിൽ ടിവികെ സ്ഥാപകൻ വിജയ്‌യെ അറസ്റ്റ് ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്, ഇത് നിരപരാധികൾ മരിച്ച വിഷയമാണ്,” തമിഴ്നാട് പോലീസിനെ മെൻഷൻ ചെയ്തുകൊണ്ട് ഒരാൾ എഴുതി.