ന്യൂഡല്‍ഹി: അതിശക്തമായ മഴയെയും അതിന് പിന്നാലെ യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെയും തുടര്‍ന്ന് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വന്‍ വെള്ളപ്പൊക്കം. ഇവിടെ താമസിക്കുന്നവര്‍ ജീവനും സാധനങ്ങളും സംരക്ഷിക്കാന്‍ നെട്ടോട്ടം ഓടുകയാണ്. തെരുവുകള്‍ പുഴകളായി മാറിയപ്പോള്‍ കച്ചവടസ്ഥലങ്ങള്‍ ചെളി നിറഞ്ഞ വെള്ളപ്പൊക്കത്തില്‍ മുങ്ങി.
മജ്നു കാ ടീലയിലെ കടയുടമകള്‍ മുതല്‍ മദന്‍പൂര്‍ ഖാദറിലെയും ബാദര്‍പൂരിലെയും കുടുംബങ്ങള്‍ വരെ താത്കാലിക അഭയകേന്ദ്രങ്ങളില്‍ വെള്ളം ഇറങ്ങാനായി കാത്തിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് യമുനയിലെ ജലനിരപ്പ് 207 മീറ്ററായിരുന്നു. അധികാരികള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ഓള്‍ഡ് റെയില്‍വേ ബ്രിഡ്ജ് അടയ്ക്കുകയും ചെയ്തു.
വെള്ളപ്പൊക്കത്തില്‍ അനേകം വീടുകളും ഒലിച്ചുപോയി. മജ്നു കാ ടീലയില്‍, വെള്ളം കയറിയതിനെ തുടര്‍ന്ന് തിരക്കേറിയ മാര്‍ക്കറ്റ് നിശബ്ദമായി. അനേകം കടകളിലാണ് സാധനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത്. സാധനങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ജോലിയിലാണ് കടക്കാര്‍. മദന്‍പൂര്‍ ഖാദറില്‍ വെള്ളം കയറി കുടിലുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ റോഡരികില്‍ കെട്ടിയ പഴയ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് കീഴിലാണ് കഴിയുന്നത്. ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വളര്‍ത്തുനായകള്‍ പോലും ഉയരുന്ന വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആളൊഴിഞ്ഞ വീടുകളുടെ പടികളില്‍ കയറി. ഇപ്പോഴും വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുമുണ്ട്.
പലര്‍ക്കും ഭക്ഷണം പോലുമില്ല. അവര്‍ ബിസ്‌ക്കറ്റുകളും ബണ്ണുകളും മാത്രം കഴിച്ച് ജീവിക്കുകയാണ്. ഭക്ഷണസാധനങ്ങളുമില്ല. പാചകം ചെയ്യാന്‍ സൗകര്യവുമില്ലാത്ത സാഹചര്യം ഉള്ളതിനാല്‍ പലര്‍ക്കും ആശ്രയം കിയോസ്‌കില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ആഹാരസാധനങ്ങളാണ്. വൃദ്ധരായ മാതാപിതാക്കളെ അരക്കെട്ടോളം വെള്ളത്തിലൂടെ തോളിലേറ്റി കൊണ്ടുപോകുന്നത് പതിവ് കാഴ്ചയായി. കാറുകളും മോട്ടോര്‍സൈക്കിളുകളും ഫര്‍ണിച്ചറുകളും വെള്ളത്തില്‍ മുങ്ങി. യമുന ബസാറില്‍, വീടുകളും കടകളും നദിയുടെ നടുവില്‍ നില്‍ക്കുന്നതുപോലെയായിരുന്നു കാഴ്ച. ബാദര്‍പൂരില്‍, വീടുകളുടെ മേല്‍ക്കൂരകള്‍ കഷ്ടിച്ച് വെള്ളത്തിന് മുകളില്‍ കാണാമായിരുന്നു.