മുംബൈ: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നു. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ല്‍ വിഭാഗവുമെല്ലാം മികച്ച പ്രകടനം നടത്തി. റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. തത്ഫലമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി.
മൊത്തത്തിലുള്ള അറ്റാദായം 18,540 കോടി രൂപയാണ്. അതായത് പ്രതിഓഹരിക്ക് 13.70 രൂപ. 2025 സാമ്പത്തികവര്‍ഷത്തിലെ ഒക്‌റ്റോബര്‍ ഡിസംബര്‍ പാദത്തിലെ കണക്കാണിത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 17,265 കോടി രൂപയായിരുന്നു മൊത്തത്തിലുള്ള അറ്റാദായം.
ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 16563 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.43 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2023 ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഇത് 2.27 ലക്ഷം കോടി രൂപയായിരുന്നു.














































