ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയും ചുട്ടുകൊന്ന ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (74) വധശിക്ഷ. തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് പത്തൊന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകന്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്ന (13) എന്നിവരെയാണ് ഹമീദ് കൊലപ്പെടുത്തിയത്.
പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും തെളിവായി 137 രേഖകളും ഹാജരാക്കിയിരുന്നു.
മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് അര്‍ധരാത്രി ഹമീദ് ജനലിലൂടെ പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. നാലുപേരും മുറിക്കുളില്‍ വെന്ത് മരിക്കുകയായിരുന്നു. പ്രതിയെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

















































