ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലും ആക്രമണം നടത്തി ഇസ്രായേല്‍. ദോഹയില്‍ നടത്തിയ ആക്രമണത്തിന്റെ പിറ്റേന്നാണ് യെമനിലും ആക്രമണം നടത്തിയിരിക്കുന്നത്. തലസ്ഥാനമായ സനായിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കട്ടിയുള്ള പുകപടലങ്ങള്‍ ഉയരുന്നതും അകലെ ശബ്ദത്തോടെയുള്ള സ്‌ഫോടനം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. സനായിലെയും അല്‍-ജൗഫിലെയും ഹൂതി സൈനിക ക്യാമ്പുകള്‍, ഹൂതി മാധ്യമങ്ങളുടെ ആസ്ഥാനം, ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഇസ്രായേലിന്റെ ആക്രമണത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി യെമന്‍ സായുധ സേനയുടെ വക്താവ് പറഞ്ഞു. യെമനില്‍ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എക്‌സിലെ ഒരു പോസ്റ്റില്‍, ഹൂതി സൈനികര്‍ ഉണ്ടെന്ന് കണ്ടെത്തിയ സനാ, അല്‍-ജൗഫ് പ്രദേശങ്ങളിലെ ‘സൈനിക ക്യാമ്പുകള്‍ക്ക്’ നേരെ വ്യോമസേന ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ‘ഹൂതി സൈനിക പ്രചാരണ വിഭാഗത്തിന്റെ ആസ്ഥാനവും ഒരു ഇന്ധന സംഭരണ കേന്ദ്രവും’ ലക്ഷ്യമിട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എത്ര ആക്രമണങ്ങള്‍ നടത്തിയെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ഹൂതികളുമായി ബന്ധമുള്ള മാധ്യമങ്ങള്‍ യെമന്‍ തലസ്ഥാനമായ സനായില്‍ കുറഞ്ഞത് ആറ് വ്യോമാക്രമണങ്ങള്‍ എങ്കിലും നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ പിന്തുണയുള്ള ഈ വിമത ഗ്രൂപ്പ് 2014 മുതല്‍ വടക്കുപടിഞ്ഞാറന്‍ യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്നുണ്ട്. 2023 ഒക്ടോബറില്‍ ഇസ്രായേല്‍ ഹമാസിനെതിരെ ഗസ്സയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍, ഗസ്സയിലെ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂതികള്‍ ഇസ്രായേലിന് നേരെ പതിവായി മിസൈലുകള്‍ വിക്ഷേപിക്കുകയും ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും വാണിജ്യ കപ്പലുകളെ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. മറുപടിയായി ഇസ്രായേലും അമേരിക്കയും വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.