ന്യൂഡൽഹി: വിമാന ഇന്ധനവിലയിൽ ഉണ്ടായ കുത്തനെ ഉയർച്ചയുടെ പിന്നാലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ യാത്രാനിരക്കുകൾ വർധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന് പുറമെ ഈടാക്കുന്ന ഇന്ധന സർചാർജിലാണ് മാറ്റം വരുത്തിയത്. ഇതോടെ വിമാനയാത്ര കൂടുതൽ ചെലവേറിയതാകുകയാണ്.
ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകളിൽ ഈ വർധനവ് 900 രൂപ മുതൽ പതിനായിരം രൂപവരെ എത്തുന്നുണ്ട്.
ആഭ്യന്തര യാത്രകളിൽ 500 കിലോമീറ്ററിൽ താഴെയുള്ള ദൂരങ്ങൾക്ക് 275 രൂപയാണ് പുതിയ സർചാർജ്. 2000 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 950 രൂപ ഈടാക്കും. അന്താരാഷ്ട്ര സർവീസുകളിൽ യുകെയിലേക്കും, ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളിലാണ് ഏറ്റവും കൂടുതൽ വർധനവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ വ്യാഴാഴ്ച പുലർച്ചെ ഒരുമണിമുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു.
വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിൽ ഏകദേശം 40 ശതമാനം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ബുധനാഴ്ച രാജ്യത്ത് വിമാന ഇന്ധനമായ എടിഎഫിന് (വിമാന ഇന്ധനത്തിന്) ഏകദേശം 25 ശതമാനം വില വർധിച്ചതാണ് നിരക്കുകൾ ഉയർത്താൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്.















































