ടെക്സാസ്: കൊടും ചൂടിൽ ഓഫീസ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ഒൻപതു വയസുകാരിക്ക് ദാരുണാന്ത്യം. അമ്മയുടെ ജോലി സ്ഥലത്തെ പാർക്കിംഗിലാണ് ഒൻപതു വയസുകാരിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സാസിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ചൂടുള്ള സമയം ആയതിനാൽ കയ്യിൽ കുപ്പി വെള്ളവും കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ട ശേഷമാണ് 36 കാരിയായ അമ്മ എട്ട് മണിക്കൂർ ഷിഫ്റ്റിന് കയറിയത്.
എന്നാൽ അന്തരീക്ഷ താപനില 36 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ ടൊയോറ്റ കാംറി കാറിൽ ഒൻപതു വയസുകാരി മരിക്കുകയായിരുന്നു. ടെക്സാസിലെ ഒരു നിർമ്മാണ കമ്പനിയിലെ ജീവനക്കാരിയാണ് ഒൻപതു വയസുകാരിയുടെ അമ്മ.
ഡ്യൂട്ടിക്കിടെ പാർക്കിംഗിൽ കിടക്കുന്ന കാറിലുണ്ടായിരുന്ന കുഞ്ഞിനെ വന്ന് നോക്കാൻ 36കാരിക്ക് സാധിച്ചിരുന്നില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് 36കാരി കാറിന് അടുത്തെത്തുന്നത്. ഈ സമയത്ത് കുട്ടി ചലനമില്ലാത്ത നിലയിലായിരുന്നു. അമ്മ പൊലീസ് സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി മരണപ്പെട്ടതിന് പിന്നാലെ 36കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മകളുടെ സംസ്കാര ചടങ്ങുകൾ കഴിയുന്നത് വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്. തടയാൻ സാധിക്കുമായിരുന്നു അപകടമാണ് അശ്രദ്ധ മൂലമുണ്ടായതെന്നാണ് ഹാരിസ് കൗണ്ടി ഷെരീഷ് എഡ് ഗോൺസാലസ് വിശദമാക്കുന്നത്. തന്റേതല്ലാത്ത തെറ്റുമൂലമാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
വീട്ടിലെ സാമ്പത്തികാന്തരീക്ഷം കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ലെന്നും പൊലീസ് വിശദമാക്കി. കുട്ടിയെ സുരക്ഷിതമായ ഒരിടത്ത് ആക്കേണ്ടിയിരുന്നുവെന്നും പൊലീസ് വിശദമാക്കി. കുട്ടികളെ കാറിൽ തനിച്ച് ഇരുത്തി പോവുന്നത് ടെക്സാസിൽ കുറ്റകൃത്യമാണ്. നാല് ദീവസത്തിനിടയിൽ ഇത്തരത്തിലുണ്ടാവുന്ന മൂന്നാമത്തെ മരണമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിപ്സം നിർമ്മാണ കമ്പനിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്ഥാപനം പത്രക്കുറിപ്പ് പുറത്ത് ഇറക്കിയിട്ടുണ്ട്.