ടെഹ്‌റാൻ: യുഎസുയുള്ള ഏറ്റുമുട്ടലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അമേരിക്കയുടെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഉയർന്ന മൂല്യമുള്ള റഡാർ സംവിധാനങ്ങൾ നശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ഏകദേശം 70 മില്യൺ ഡോളർ വിലമതിക്കുന്ന AN/TPS-59 പോലുള്ള താഴ്ന്ന മൂല്യമുള്ള റഡാറുകൾ ഉൾപ്പെടെ, യുഎസ് സായുധ സേനയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള മൂന്ന് റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്
യുഎസിന്റെ വ്യത്യസ്ത മൂല്യമുള്ള ഒന്നിലധികം റഡാർ സിസ്റ്റങ്ങൾ ആക്രമണമിച്ച് തകർത്തുവെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട നഷ്ടം AN/FPS-132 റഡാറാണ്, ഇത് യുഎസ് മിസൈൽ പ്രതിരോധത്തിന്റെ ഏറ്റവും പുറം പാളിയുടെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ മുൻകൂർ മുന്നറിയിപ്പ് റഡാറാണ്. 5,000 കിലോമീറ്റർ വരെ അകലെയുള്ള വിക്ഷേപണങ്ങൾ കണ്ടെത്താനും നൂറുകണക്കിന് ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാനും ബാലിസ്റ്റിക് മിസൈലുകൾക്ക് കൃത്യമായ പാത പ്രവചനം നൽകാനും കഴിയുന്ന ആ നിരീക്ഷണ സംവിധാനത്തിനാണ് ഇറാൻ തകരാർ വരുത്തിയത് .
അതിനിടെയിതാ യുഎസിനും ഇസ്രയേലിനുമെതിരെ നടത്തുന്ന തിരിച്ചടിയിൽ സുപ്രധാന മാറ്റം വരുത്താനുള്ള നീക്കത്തിലാണ് ഇറാൻ. നിലവിലെ ആക്രമണ രീതികൾക്കു പകരം ഇനി ഭാരമുള്ള അതീവ പ്രഹരശേഷിയുള്ള പോർമുനകൾ വഹിക്കുന്ന മിസൈലുകളാകും പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിടുക എന്നാണ് വിവരം. അങ്ങനെ യുഎസിനും സഖ്യകക്ഷികൾ്കകും പരമാവധി നാശനഷ്ടങ്ങൾ വരുത്തുകയെന്നതാണ് ഇറാന്റെ ലക്ഷ്യം. വിമാനത്താവളങ്ങൾ, ബങ്കറുകൾ, തുറമുഖങ്ങൾ, കമ്മ്യൂണിക്കേഷൻ ഹബ്ബുകൾ, കമാൻഡ് സെന്ററുകൾ തുടങ്ങിയ സുപ്രധാന സൈനിക കേന്ദ്രങ്ങളെ തകർക്കാൻ പുതിയ നീക്കം ലക്ഷ്യമിടുന്നുവെന്നാണ് വിവരം.
ഒരേസമയം വൻതോതിൽ മിസൈലുകൾ തൊടുത്തുവിട്ട് ശത്രുരാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തളർത്തുകയെന്നതാണ് ഇറാൻ അടുത്ത സൈനീക തന്ത്രം. ഇസ്രയേലിന്റെ അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, ആരോ തുടങ്ങിയ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇത്തരം കൂട്ടായ ആക്രമണങ്ങൾക്കൊണ്ടേ സാധിക്കൂവെന്നാണ് ഇറാൻ വിലയിരുത്തുന്നത്.
ഇറാന്റെ പുതിയ യുദ്ധതന്ത്രത്തിൽ ഖോറംഷഹർ-4 പോലുള്ള മിസൈലുകൾ പ്രധാന പങ്കുവഹിക്കും. വലിയ ഭാരം വഹിക്കാനുള്ള ശേഷിയും ഇടത്തരം ദൂരപരിധിയും ഈ മിസൈലുകളെ കൂടുതൽ അപകടകാരികളാക്കുന്നു. ഇറാന്റെ ഈ തന്ത്രപരമായ മാറ്റം മേഖലയിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലുകൾക്ക് കാരണമാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ മിസൈൽ പോളിസിയിലുണ്ടായ ഈ മാറ്റം പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിയെഴുതുന്നതാണ്. ഇറാന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് അമേരിക്കൻ-ഇസ്രയേൽ സേനാവിഭാഗങ്ങൾ.














































