ന്യൂഡൽഹി: ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് പ്രധാനമന്ത്രി മോദി. ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരരുടെ ആസ്ഥാന തകർത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു.
ഇന്ത്യക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കും. പഹൽഗാമിൽ കണ്ടത് ക്രൂരതയുടെ ഉച്ചകോടിയാണ്. ഇന്ത്യയിൽ കലാപം പടർത്താനുള്ള ശ്രമം ജനങ്ങൾ തകർത്തു. വിദേശത്ത് നിന്നെത്തിയ ഉടനെ തിരിച്ചടിക്ക് നിർദേശം നൽകി. സേനകൾക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നൽകിയെന്നും മോദി പറഞ്ഞു.
ഭീകരരുടെ പാക്ക് ബന്ധം മനസ്സിലാക്കാൻ, അവരിൽനിന്നു പിടിച്ചെടുത്ത ആയുധങ്ങൾ പ്രത്യേക വിമാനത്തിൽ ചണ്ഡീഗഡിലെ ഫൊറൻസിക് ലാബിലെത്തിച്ച് പരിശോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരത്തെ സഭയെ അറിയിച്ചു. കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസയെയും ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ ഭീകരരെയും സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഇവർക്ക് പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് ഉറപ്പാക്കിയത് എങ്ങനെയെന്ന് ആഭ്യന്തരമന്ത്രി പാർലമെന്റിൽ വിശദീകരിച്ചു.
തീവ്രവാദികൾക്കു സഹായം നൽകിയവരെ നേരത്തേ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നതായി അമിത്ഷാ പറഞ്ഞു. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ഇന്നലെ ശ്രീനഗറിലെത്തിച്ചപ്പോൾ, കസ്റ്റഡിയിലുണ്ടായിരുന്നവരെ എത്തിച്ച് മൃതദേഹങ്ങൾ കാണിച്ച് ഉറപ്പുവരുത്തി. കൊല്ലപ്പെട്ട ഭീകരർക്കു പഹൽഗാം ആക്രമണവുമായുള്ള ബന്ധം മനസ്സിലാക്കാൻ, ആക്രമണ സ്ഥലത്തുനിന്ന് ലഭിച്ച വെടിയുണ്ടകളുടെ ഷെല്ലുകൾ സഹായകമായെന്നും അമിത്ഷാ പറഞ്ഞു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളുടെയും തോക്കുകൾ സൈന്യത്തിന് ലഭിച്ചിരുന്നു. എം9 തോക്കും രണ്ട് എകെ 47 തോക്കുകളുമാണ് ലഭിച്ചത്. ഇത് ചണ്ഡീഗഡിലെ സെൻട്രൽ ഫൊറൻസിക് ലാബിൽ പരിശോധിച്ചു. ഈ റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർത്ത് ഒഴിഞ്ഞ വെടിയുണ്ടകൾ ശേഖരിച്ചു. പിന്നീട് അവയെ പഹൽഗാമിൽനിന്ന് കണ്ടെത്തിയ വെടിയുണ്ടകളുമായി ഒത്തുനോക്കി. അപ്പോഴാണ് ഈ മൂന്നു തോക്കുകളും പഹൽഗാമിലെ നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ആറ് ബലസ്റ്റിക് വിദഗ്ധർ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തി. കൊല്ലപ്പെട്ട മൂന്നു പേരും പാക്കിസ്ഥാനികളാണ്. രണ്ടുപേരുടെ പാക്കിസ്ഥാൻ വോട്ടർ നമ്പർ ലഭിച്ചു. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് പാക്ക് നിർമിത ചോക്‌ലേറ്റുകളും പിടിച്ചെടുത്തെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ ഇന്നലെ നടത്തിയ ‘ഓപ്പറേഷൻ മഹാദേവി’ലാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അടക്കം മൂന്നു പേരെ സൈന്യം വധിച്ചത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.