ഇന്‍ഡോര്‍: ആശുപത്രിയില്‍ എലി കടിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മൃതദേഹം സംസ്‌കാരത്തിനായി തുറന്നപ്പോഴാണ് നാല് വിരലുകള്‍ പൂര്‍ണമായി എലി കടിച്ചതായി മാതാപിതാക്കള്‍ കണ്ടത്.
ധാര്‍ ജില്ലയിലെ രൂപപാത ഗ്രാമത്തില്‍ നിന്നുള്ള കുട്ടി, ജന്മനാ ഉള്ള സങ്കീര്‍ണ്ണതകള്‍ക്ക് ചികിത്സയിലിരിക്കെ ഇന്‍ഡോറിലെ എം.വൈ. ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലി കടിച്ച് മരിച്ച രണ്ട് നവജാതശിശുക്കളില്‍ ഒരാളാണ്.
‘സംസ്‌കാരത്തിന് തയ്യാറെടുക്കാന്‍ പൊതിഞ്ഞ തുണി മാറ്റിയപ്പോഴാണ് ഞങ്ങള്‍ കൈ ശ്രദ്ധിച്ചത്. കുഞ്ഞിന്റെ നാല് വിരലുകള്‍ പൂര്‍ണ്ണമായും കടിച്ചെടുത്ത നിലയിലായിരുന്നു,’ പിതാവ് ദേവ്റാം പറഞ്ഞു. ഓഗസ്റ്റ് 30-നാണ് ധാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് ജനിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനാല്‍ ഇന്‍ഡോറിലെ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ മഞ്ജുവിന്റെ ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞിന് ശരിയായ പരിചരണം ലഭിക്കുമെന്ന് വിശ്വസിച്ച് പിതാവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ ആരോപണങ്ങളോട് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചില്ല.
ഗോത്രവര്‍ഗ്ഗ സംഘടനയായ ജയ് ആദിവാസി യുവ ശക്തി ആശുപത്രി സൂപ്രണ്ടിനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യണമെന്നും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഒരു പ്ലാസ്റ്റിക് ബാഗിലാണ് കുടുംബത്തിന് കൈമാറിയതെന്ന് ജയ്‌സ് ദേശീയ അധ്യക്ഷന്‍ ലോകേഷ് മുജല്‍ദ പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പ് ബാഗ് മാറ്റിയപ്പോഴാണ് കുഞ്ഞിന്റെ ഒരു കൈയ്യുടെ നാല് വിരലുകള്‍ എലികള്‍ കരണ്ടതായി ശ്രദ്ധയില്‍പ്പെട്ടതെന്നും, ഇത് കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.
എലി കടിച്ചതല്ല മരണകാരണമെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു. എലികള്‍ കുഞ്ഞിന്റെ വിരലുകളില്‍ ചെറിയ കടി മാത്രം ഏല്‍പ്പിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം അവകാശപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം മരിച്ച കുഞ്ഞിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴാണ് പരിക്കുകളുടെ യഥാര്‍ത്ഥ വ്യാപ്തി മനസ്സിലായത്. മലം പുറന്തള്ളാനുള്ള ശേഷിയെ ബാധിക്കുന്ന ഗുരുതരമായ ബുദ്ധിമുട്ടുകളോടെയാണ് സാജിദിന്റെ മകള്‍ ബാഗ്ലി സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ചത്. മൂന്ന് വ്യത്യസ്ത ആശുപത്രികളില്‍ ചികിത്സ തേടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബം അവളെ എം.വൈ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.