ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) എന്ന സ്പൈ ത്രില്ലറിൽ നായികയായി വാമിക ഗബ്ബി. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഡാചാരിയുടെ ആറാം വാർഷികത്തിൽ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നുള്ള ആവേശകരമായ നിമിഷങ്ങൾ ആദിവി ശേഷ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു.
ജി 2 ന്റെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ആവേശത്തിലാണ് എന്നും ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ ഒരു മാനദണ്ഡം സ്ഥാപിച്ച ഗൂഢാചാരി സ്പൈ ത്രില്ലർ ഫ്രാൻഞ്ചൈസിലേക്ക് ചുവടുവെക്കുന്നത് ആവേശകരവും അതുപോലെ വെല്ലുവിളി നിറഞ്ഞ കാര്യവുമാണെന്ന് വാമിക പറഞ്ഞു. കഴിവുള്ള അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം പ്രവർത്തിക്കുന്നത് അതിരുകൾ മറികടക്കാനും തന്റെ കഥാപാത്രത്തിന് പുതിയ ഊർജ്ജം നൽകാനും തന്നെ പ്രചോദിപ്പിക്കുന്നു എന്നും വാമിക കൂട്ടിച്ചേർത്തു. അസാധാരണമായ ഒരു സിനിമാനുഭവമാകും പ്രേക്ഷകർക്ക് ഇതിലൂടെ ലഭിക്കുക എന്നും താരം വെളിപ്പെടുത്തി. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2025 പകുതിയോടെ ബ്രഹ്മാണ്ഡ റിലീസായി എത്തിക്കാൻ പ്ലാൻ ചെയ്യന്ന ഗൂഢാചാരി 2 രചിച്ചിരിക്കുന്നത് ആദിവി ശേഷിനൊപ്പം ചേർന്ന് സംവിധായകൻ വിനയ് കുമാർ ആണ്. ഗംഭീര ആക്ഷൻ രംഗങ്ങളും ഡ്രാമയും എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങളും നിറഞ്ഞ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ സ്പൈ ത്രില്ലർ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പിആർഒ- ശബരി