പാലക്കാട്: മുതലമടയിലെ റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ കഴിഞ്ഞ 6 ദിവസമായി മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54) ക്രൂരമായി മർദിച്ചത്. മൂച്ചംകുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയാന് 5 ദിവസമാണ് അടച്ചിട്ട മുറിയിൽ വച്ച് മർദനം ഏൽക്കേണ്ടി വന്നത്. ഭക്ഷണം പോലും നൽകാതെ പട്ടിണിക്കിട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു മുൻ പഞ്ചായത്ത് അധ്യക്ഷ പി. കൽപനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി. തുടർന്നു പോലീസിനെ വിവരം അറിയിച്ചതോടെ കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി വെള്ളയാനെ മോചിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂലി പണിയെടുത്ത് ജീവിക്കുന്ന വെള്ളയിൽ ഫാം സ്റ്റേയിലും മറ്റിടത്തും പണിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്ക് സമീപം കണ്ട മദ്യ കുപ്പിയിൽ നിന്ന് വെള്ളയൻ മദ്യമെടുത്ത് കുടിച്ചതിൻറെ പേരിലാണ് ക്രൂരമർദനമെന്നാണ് പരാതി. മദ്യം കുടിച്ചതിനെ ഫാം സ്റ്റേയിലെ ജീവനക്കാരൻ ചോദ്യം ചെയ്തു. തുടർന്ന് വെള്ളയനെ മർദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു. മൂത്രമൊഴിക്കാൻ പോലും കഴിയാതെ ആറു ദിവസത്തോളമാണ് വെള്ളയനെ മുറിയിൽ പൂട്ടിയിട്ടത്. ഭക്ഷണമോ, വെള്ളമോ നൽകാതെയായിരുന്നു ക്രൂരമർദനം. ഏറെ സമയമെടുത്താണ് വാതിൽ തകർത്ത് അകത്ത് കയറി വെള്ളയനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൊല്ലങ്കോട് ജില്ലാ ആശുപത്രിയിലെത്തി പോലീസ് വെള്ളയൻറെ മൊഴിയെടുത്തു.