ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ വിളിച്ചു സംസാരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണ തേടിയാണ് സെലൻസ്കി മോദിയുമായി സംസാരിച്ചത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത മോദിയെ അറിയിച്ചതായി പിന്നീട് സെലൻസ്‌കി എക്സിൽ കുറിച്ചു. മോദിയുമായി നീണ്ട സംഭാഷണത്തിൽ ഏർപ്പെട്ടെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
‘‘ഞങ്ങളുടെ നഗരങ്ങളിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും സപ്പോരിജിയയിലെ ബസ് സ്റ്റേഷനുനേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെക്കുറിച്ചും ഞാൻ അദ്ദേഹത്തെ അറിയിച്ചു. റഷ്യ മനഃപൂർവം നടത്തിയ ബോംബാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേറ്റു. യുദ്ധം അവസാനിപ്പിക്കാൻ ഒടുവിൽ ഒരു നയതന്ത്ര സാധ്യത തെളിഞ്ഞുവന്ന സമയത്താണ് റഷ്യ ഇങ്ങനെ ചെയ്യുന്നത്. വെടിനിർത്തലിനു സന്നദ്ധത പ്രകടിപ്പിക്കുന്നതിനു പകരം, അധിനിവേശവും കൊലപാതകങ്ങളും തുടരാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും സെലെൻസ്കി കുറ്റപ്പെടുത്തി.
കൂടാതെ യുക്രെയ്നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുക്രെയ്ന്റെ പങ്കാളിത്തത്തോടെ വേണം തീരുമാനിക്കാനെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. മറ്റു വഴികളൊന്നും ഫലം കാണില്ല. യുദ്ധത്തിനു പണം കണ്ടെത്താനായി റഷ്യ സ്വീകരിക്കുന്ന മാർഗങ്ങളെല്ലാം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി പരിമിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹത്തെ അറിയിച്ചു. സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയ്ക്കിടെ പ്രധാനമന്ത്രി മോദിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സെലെൻസ്കി എക്സിൽ കുറിച്ചു.
അതേസമയം സംഘർഷം എത്രയും നേരത്തെ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ അവശ്യകത സെലെൻസ്കിയെ അറിയിച്ചതായി മോദി എക്സിൽ കുറിച്ചു. ‘‘ഈ കാര്യത്തിൽ സാധ്യമായ എല്ലാ സംഭാവനകളും നൽകുന്നതിനും യുക്രെയ്നുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി എക്സിൽ കുറിച്ചു.