കീവ്: ഇന്ത്യക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത് മികച്ച തീരുമാനമെന്ന് പ്രശംസിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ശരിയാണെന്നായിരുന്നു സെലെൻസ്കിയുടെ പ്രതികരണം. അതേസമയം റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറായി മുന്നോട്ടു വരുന്നതിനിടെയാണ് സെലെൻസ്കിയുടെ പ്രതികരണം.
എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞത് ഇങ്ങനെ- ‘നിരന്തരം റഷ്യയുമായി കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുക എന്നത് നല്ലൊരു തീരുമാനമായിട്ടാണ് ഞാൻ കാണുന്നത്’.
അതേസമയം റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധത്തിന് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതിനിടെയായിരുന്നു സെലെൻസ്കിയുടെ പ്രതികരണം. കൂടാതെ റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ അധിക തീരുവ ചുമത്താൻ ആലോചിക്കുന്നതായി അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു. നേരത്തെ ട്രംപും പുതിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ നയതന്ത്രപരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. ഇതിനിടെ യുക്രൈനിൽ വീണ്ടും ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുകയും ചെയ്തിരുന്നു.
അതേപോലെ റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ശക്തമായ ശ്രമം തുടരുന്നുണ്ട്. കഴിഞ്ഞ മാസം രണ്ടുതവണ മോദി സെലെൻസ്കിയുമായി സംസാരിച്ചിരുന്നു. സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയേ അറിയിക്കുകയും ചെയ്തിരുന്നു.