ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത കളിക്കളത്തിലേക്കും വ്യാപിച്ചതോടെ ഭാവിയിലെ ഐസിസി ടൂർണമെന്റുകൾക്കുള്ള വേദികൾ ഇന്ത്യയിൽനിന്ന് മാറ്റാൻ ഐസിസി ആലോചിക്കുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ മാധ്യമമായ ദി ഏജ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും പരസ്പരം കളിക്കാൻ വിസമ്മതിക്കുന്നത് കാരണമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇക്കാരണത്താൽ 2029-ൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും 2031-ലെ ഏകദിന ലോകകപ്പും ഇന്ത്യയിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഐസിസി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരു രാജ്യങ്ങളും ഐസിസി ടൂർണമെന്റുകൾക്കായി എതിരാളിയുടെ രാജ്യത്ത് കളിക്കാൻ തയ്യാറാകാറില്ല. ഇക്കാരണത്താൽ ഇവരുടെ മത്സരങ്ങൾക്കായി നിഷ്പക്ഷ വേദികൾ കണ്ടെത്തേണ്ടതായി വരും.
ഇത്തരത്തിൽ പാകിസ്താൻ വേദിയായ കഴിഞ്ഞ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ നടത്തുകയായിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരങ്ങൾക്ക് വേദിയാകുന്നത് ശ്രീലങ്കയാണ്. ഇതിനു പിന്നാലെയാണ് ഇത്തവണ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാക് സർക്കാർ തീരുമാനവും അത് സംബന്ധിച്ച കോലാഹലങ്ങളുമുണ്ടായത്.
ഇത്തരത്തിൽ ടൂർണമെന്റുകൾ മാറ്റുകയാണെങ്കിൽ നിലവിൽ ബദൽ വേദിയായി കണക്കാക്കുന്നത് ഓസ്‌ട്രേലിയയെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാകിസ്താനിൽ കളിക്കാൻ ഇന്ത്യയും ഇന്ത്യയിൽ കളിക്കാൻ പാകിസ്താനും ഇപ്പോൾ ബംഗ്ലാദേശും ഇപ്പോൾ തയ്യാറാകാറില്ല. ഇത് ഐസിസിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തീരുമാനം ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളെയും ബാധിക്കുകയും ചെയ്യുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ – പാക് ബന്ധം മുമ്പത്തേക്കാൾ വഷളായ അവസ്ഥയിലാണ്. ഇതിനു പിന്നാലെ നടന്ന ഐസിസി, എസിസി ടൂർണമെന്റുകളിലൊന്നും തന്നെ ഇന്ത്യ – പാക് താരങ്ങൾ പരസ്പരം ഹസ്തദാനം പോലും നൽകാൻ തയ്യാറായിരുന്നില്ല.

















































