ടെഹ്‌റാൻ: ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ പ്രതിഷേധിക്കുന്ന ഇറാനിയൻ ജനതയുടെ പോരാട്ടവീര്യത്തിനു കരുത്തു പകരുകയാണ് ഈ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ട്. ലോകമെമ്പാടും ആയിരക്കണക്കിന് തവണ ഈ ചിത്രങ്ങൾ പങ്കുവെക്കുകയും വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
ഈ രീതി പ്രതിരോധത്തിന്റെ ശക്തമായ ചിഹ്നമായി മാറിയിട്ടുണ്ടെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും അധികാരികൾക്ക് ഇത് തടയാൻ പ്രയാസമാണെന്നും നിരീക്ഷകർ പറയുന്നു. വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദം നേരിടുന്ന സമയത്താണ് അവകാശ ലംഘനങ്ങളും ചർച്ചയാകുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പം, കുത്തനെ ദുർബലമാകുന്ന കറൻസി, വർധിച്ചുവരുന്ന ഭക്ഷ്യവില എന്നിവ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പൊതുജനരോഷം ആളിക്കത്തിക്കുകയാണ്. ഭരണകൂടവുമായി ബന്ധപ്പെട്ട മുതിർന്ന നേതാക്കളുടെ ചിത്രങ്ങൾ കത്തിക്കുകയും പ്രതിമകൾ നശിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇറാനിയൻ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് ഗുരുതരമായ കുറ്റമാണ്.
സ്ത്രീകളെ ദീർഘകാലമായി നിയന്ത്രിക്കുന്ന സമൂഹം പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിർബന്ധിത ഹിജാബ് നിയമം ഉൾപ്പെടെയുള്ള കർശന സാമൂഹിക നിയമങ്ങളെയും സ്ത്രീകളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിലുള്ള പരിമിതികളെയും പ്രതിഷേധക്കാർ ബോധപൂർവ്വം നിരസിക്കുന്നതായാണ് ഇറാനിൽനിന്നു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















































