ടെഹ്റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായിരിക്കെ, രാജ്യത്തുടനീളം പണിമുടക്കാനും തെഹ്റാന്റെ കേന്ദ്ര ഭാഗങ്ങൾ കൈപ്പിടിയിലാക്കാനും ജനങ്ങൾക്ക് ആഹ്വാനം. അമേരിക്കയിൽ അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന മുൻ ഇറാൻ കിരീടാവകാശി റെസ പഹ്‌ലവിയാണ് ജനങ്ങളോട് തെരുവിലിറങ്ങാൻ ആവശ്യപ്പെട്ടത്. സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ പ്രത്യേകിച്ച് പണിമുടക്കിലേക്ക് കടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, താൻ ഇറാനിലേക്ക് മടങ്ങിവരാൻ തയ്യാറെടുക്കുകയാണെന്ന സൂചനയും പഹ്‌ലവി നൽകി.
അതേസമയം ഇന്റർനെറ്റ് സേവനങ്ങളും ടെലിഫോൺ ബന്ധങ്ങളും വിച്ഛേദിച്ചിട്ടും, വെള്ളിയാഴ്ച രാത്രി രാജ്യത്തുടനീളം വ്യാപക പ്രതിഷേധങ്ങൾ നടന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.
സുപ്രീം ലീഡർ അയത്തുല്ല അലി ഖാമനെയിയെയും ഭരണകൂടത്തെയും ലക്ഷ്യമാക്കി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച പഹ്‌ലവി, വെള്ളിയാഴ്ച പ്രതിഷേധം 13-ാം ദിവസത്തിലേക്ക് കടന്നുവെന്നും ചൂണ്ടിക്കാട്ടി. ശനിയാഴ്‌ചയും ഞായറാഴ്‌ചയും പ്രതിഷേധം കൂടുതൽ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിൽ (X) പങ്കുവച്ച വീഡിയോ സന്ദേശത്തിൽ, “നിങ്ങളുടെ ധൈര്യവും സ്ഥിരതയും ലോകത്തിന്റെ ആദരം നേടി. വെള്ളിയാഴ്ച രാത്രി ഇറാനിലുടനീളം നിങ്ങൾ തെരുവിലിറങ്ങിയത് ഭരണകൂടത്തിന്റെ ഭീഷണികൾക്ക് നൽകിയ ശക്തമായ മറുപടിയാണ്. സാമ്പത്തിക നാഡികൾ മുറിച്ചും തെരുവുകളിലെ സാന്നിധ്യം കൂടുതൽ ലക്ഷ്യബോധത്തോടെ വർധിപ്പിച്ചും നാം ഈ ഭരണകൂടത്തെ മുട്ടുകുത്തിക്കും,- പഹ്‌ലവി പറഞ്ഞു.
ഗതാഗതം, എണ്ണ, വാതകം, ഊർജ മേഖലകൾ ഉൾപ്പെടെയുള്ള പ്രധാന സാമ്പത്തിക മേഖലകളിലെ തൊഴിലാളികൾ രാജ്യവ്യാപക പണിമുടക്ക് ആരംഭിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ശനിയാഴ്‌ചയും ഞായറാഴ്‌ചയും വൈകിട്ട് ആറുമണി മുതൽ പതാകകളും ദേശീയ ചിഹ്നങ്ങളുമായി തെരുവിലിറങ്ങി പൊതുസ്ഥലങ്ങൾ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷ്യം വെറും പ്രതിഷേധമല്ല, നഗര കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കലാണെന്നും പഹ്‌ലവി വ്യക്തമാക്കി.
1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65-കാരനായ റിസ പഹ്‌ലവി. രാജഭരണം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന സൂചനകൾ നേരത്തെ റിസ പഹ്‌ലവി സൂചന നൽകിയിരുന്നു.
ഇതിനിടെ, ഇറാന്റെ സുപ്രീം ലീഡർ ഖാമനെയി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ‘അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു. പിന്നീട്, സർക്കാർ മാധ്യമങ്ങൾ പ്രതിഷേധക്കാരെ “ഭീകരർ” എന്ന് വിശേഷിപ്പിച്ചു. ഇത് കടുത്ത അടിച്ചമർത്തലിന് വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.
ഡിസംബർ അവസാനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ കുറഞ്ഞത് 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷങ്ങളിലായി ഇറാൻ ഭരണകൂടം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ഈ പ്രതിഷേധങ്ങൾ വിലയിരുത്തപ്പെടുന്നത്.
അതേസമയം ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടരുന്ന പ്രതിഷേധം പതിനഞ്ചാം നാൾ പിന്നിടുമ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. തുടക്കത്തിൽ കുതിച്ചുയരുന്ന പണപ്പെരുപ്പത്തിൽ വശംകെട്ട് ജനം തെരുവിലിറങ്ങുകയായിരുന്നു. പിന്നീട് പ്രതിഷേധം ഇറാനിലെ രാഷ്ട്രീയ വിഷയമായി മാറി. ഇറാൻ പരമാധികാരി ആയത്തൊള്ള ഖമനേയിക്കെതിരേ പ്രതിഷേധക്കാർ തിരിഞ്ഞു. പൗരോഹിത്യ ഭരണാധികാരികൾ സ്ഥാനമൊഴിയണമെന്ന് പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു. പ്രതിഷേധത്തിൽ ഇതുവരെ 2,300 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസിയുടെ കണക്ക്.


















































