ടെഹ്റാൻ: ഔദ്യോഗിക വിശദീകരണം വന്നില്ലെങ്കിലും ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനേയിയുടെ പിൻഗാമിയായി, ഇറാന്റെ അടുത്ത സുപ്രീം ലീഡറായി മകൻ മൊജ്തബ ഖമനേയിയെ തെരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Ynet റിപ്പോർട്ട് ചെയ്തതനുസരിച്ച്, അസംബ്ലി ഓഫ് എക്സ്പേർട്സ് ഉടൻ തന്നെ അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
ആരാണ് മൊജ്തബ ഖമനേയി?
56-കാരനായ മൊജ്തബ ഖമനേയി ഏറെക്കാലമായി പിൻഗാമിത്വ ചർച്ചകളിൽ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയാണെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. ഔദ്യോഗിക സർക്കാർ പദവി വഹിച്ചിട്ടില്ലെങ്കിലും, ഇറാനിലെ ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC)യുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, IRGCയുടെ ശക്തമായ സമ്മർദത്തിലാണ് അദ്ദേഹത്തെ ഖമനേയിയുടെ തെരഞ്ഞെടുത്തതെന്നാണ് സൂചന. IRGCയുടെ വിദേശ ഓപ്പറേഷൻ വിഭാഗമായ Quds Force ഉം മൊത്ത് അടുത്ത ബന്ധമുണ്ടെന്നും, പിതാവിന്റെ ഓഫീസ് മറവിൽ നിന്ന് നിയന്ത്രിച്ചിരുന്നുവെന്ന വിലയിരുത്തലുകളും നിലനിൽക്കുന്നു.
2019 നവംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് മൊജ്തബയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക പദവി ഒന്നും വഹിക്കാതിരുന്നിട്ടും സുപ്രീം ലീഡറെ പ്രതിനിധീകരിക്കുന്ന നിലയിൽ പ്രവർത്തിച്ചതിനായിരുന്നു നടപടി. കൂടാതെ ബാസിജ് റെസിസ്റ്റൻസ് ഫോഴ്‌സുമൊത്തു ചേർന്ന് ആഭ്യന്തര പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ പങ്കുവഹിച്ചതായും അമേരിക്ക ആരോപിച്ചിരുന്നു.
അതുപോലെ വ്യക്തിജീവിതത്തിലും മൊജ്തബ ഇറാനിലെ പരമ്പരാഗത രാഷ്ട്രീയ വൃത്തങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു. 2004-ൽ സഹ്‌റാ ഹദ്ദാദ്- അദലിനെ വിവാഹം ചെയ്തു. സഹ്‌റ, മുൻ പാർലമെന്റ് സ്പീക്കറും പ്രമുഖ പരമ്പരാഗത നേതാവുമായ ഘോലം-അലി ഹദ്ദാദ്-അദേലിന്റെ മകളാണ്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ടെന്നാണ് അറിയപ്പെടുന്നത്.
അതുപോലെ സമ്പത്തുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം, ലണ്ടനിലെ ആഡംബര സ്വത്തുക്കൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അദ്ദേഹത്തിന് പ്രവേശനമുണ്ടെന്നാണ് സൂചന. കൃത്യമായ സമ്പത്ത് വിവരങ്ങൾ വ്യക്തമല്ലെങ്കിലും, 138 മില്യൺ ഡോളർ മൂല്യമുള്ള ആസ്തികളുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ പ്രതികാരമായി മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഹിസ്ബുള്ളകൂടി സംഘർഷത്തിൽ പങ്കു ചേരുന്നതോടെ മധ്യപൂർവേഷ്യയിൽ സുരക്ഷാ സാഹചര്യം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.














































