ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചതായി ഖേദത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. നിലവിൽ അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം’ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപ്പെട്ടതുവെന്ന തരത്തിൽ പ്രചരിക്കുന്ന ഈ വാർത്തകൾ വ്യാജമെന്ന് പാക്കിസ്ഥാൻ. 2013 ൽ ലാഹോറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ഫോർക്ക് ലിഫ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ ദൃശ്യങ്ങളാണ് പ്രചരിക്കപ്പെടുന്നത് എന്നതാണ് കണ്ടെത്തൽ.
ഇമ്രാൻ ഖാൻറെ മരണ വാർത്ത വ്യാജമാണെന്നും ആളുകൾ തെറ്റായ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പാക് വാർത്താവിനിമയ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അതേസമയം ഇമ്രാൻ ഖാൻ മരണപ്പെട്ടതായുള്ള കത്തിനെ കുറിച്ച് പാക്കിസ്ഥാൻ അന്വേഷണം ആരംഭിച്ചു.
പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത് എന്ന അവകാശവാദത്തോടെ ശനിയാഴ്ച പാക് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച പ്രസ്‌താവനയിലാണ് ഇമ്രാൻ ഖാൻ മരണപ്പെട്ടതായി പറയുന്നത്. സംശയാസ്‌പദമായാണ് ഈ കത്തുണ്ടായിരുന്നത്. ഇമ്രാൻ ഖാനെ ഐഎസ്ഐ വധിക്കുകയായിരുന്നു എന്ന തരത്തിലുള്ള അനേകം എക്‌സ് പോസ്റ്റുകളും ഇതിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം ഇമ്രാൻ ഖാൻ ജയിലിൽ വച്ച് ലൈംഗിക പീഡനത്തിനിരയായതായി മറ്റൊരു വ്യാജ പ്രചാരണവും അടുത്തിടെ പാക് സാമൂഹ്യ മാധ്യമങ്ങളിലുണ്ടായിരുന്നു.
2022-ൽ അവിശ്വാസപ്രമേയത്തിലൂടെയാണ് ഇമ്രാന് പ്രധാനമന്ത്രിപദം നഷ്ടമായത്. അഴിമതിയടക്കമുള്ള കുറ്റങ്ങൾ ചുമത്തി 2023 ലാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നത്. തോഷാഖാനക്കേസിൽ അദ്ദേഹത്തിന് മൂന്ന് വർഷത്തെ തടവ് ലഭിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെലഭിച്ച വിലകൂടിയ സമ്മാനങ്ങൾ സ്വന്തം നിലയ്ക്ക് വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള തോഷഖാനക്കേസ്. ഉന്നതപദവിയിലുള്ളവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ തോഷഖാന എന്ന വകുപ്പിലേക്ക് കൈമാറണമെന്നാണ് ചട്ടം. അത് ലംഘിച്ചുവെന്ന് കോടതി കണ്ടെത്തിയതോടെയാണ് മൂന്ന് വർഷം തടവ് ലഭിച്ചത്.
കൂടാതെ 2025 ജനുവരിയിൽ ഇമ്രാൻ ഖാനെ അഴിമതി കേസിൽ 14 വർഷം തടവിനും കോടതി ശിക്ഷിച്ചിരുന്നു. അൽ ഖാദിർ ട്രസ്റ്റ് ഭൂമി കേസിലാണ് പാകിസ്ഥാൻ അഴിമതി വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. ഇമ്രാനൊപ്പം കേസിൽ പ്രതിയായ ഭാര്യ ബുഷ്റ ബീബിക്ക് ഏഴ് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
എന്നാൽ പാക് മുൻ പ്രധാനമന്ത്രിയും തെഹ്‍രീക് ഇ ഇൻസാഫ് പാർട്ടി സ്ഥാപകനുമായ ഇമ്രാൻ ഖാൻറെ മോചനം ആവശ്യപ്പെട്ട് അദേഹത്തിൻറെ പാർട്ടി വെള്ളിയാഴ്‌ച ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദീർഘകാലമായുള്ള തടങ്കൽ ഇമ്രാൻറെ ആരോഗ്യത്തെ ബാധിച്ചതായും, ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നം കാരണത്താൽ അദേഹത്തിൻറെ ജീവന് ഭീഷണിയുണ്ട് എന്നും അവകാശപ്പെട്ടായിരുന്നു കോടതിയെ പാർട്ടി സമീപിച്ചത്. ഇമ്രാൻ ഖാൻ കഴിയുന്ന അഡ്യാല ജയിലിൽ ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പിടിഐ ആരോപിച്ചു. ഇമ്രാൻ ഖാൻറെ മോചനം ആവശ്യപ്പെട്ട് അദേഹത്തിൻറെ അനുയായികൾ ലാഹോറിൽ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു.