ന്യൂഡൽഹി: ഉപരാഷ്ട്രപതി പദത്തിൽനിന്നുള്ള രാജിക്കു പിന്നാലെ കഴിഞ്ഞ ഒരു വർഷമായി ജഗ്‌ദീപ് ധൻകറും കേന്ദ്ര സർക്കാരും തമ്മിൽ വേണ്ടത്ര സ്വരചേർച്ചയില്ലായിരുന്നുവെന്ന സൂചനകൾ പുറത്ത്. ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്‌മെന്റ് നടപടിയിൽ സർക്കാരിന്റെ നിലപാടിനോടു യോജിക്കാൻ ധൻകർ വിസമ്മതിച്ചിരുന്നുവെന്നും പ്രതിപക്ഷത്തെ മറികടന്നു ഭരണപക്ഷത്തിനു ഗോളടിക്കാനുള്ള അവസരം ഉപരാഷ്‌ട്രപതിയുടെ ഇടപെടലിൽ നഷ്ടമായെന്നും റിപ്പോർട്ട്. ഇതാണു ധൃതിപിടിച്ചുള്ള രാജിക്കു പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രമന്ത്രിമാർ ധൻകറുമായി പലതവണ കൂടിക്കാഴ്ച നടത്തി. അതിൽ ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരായ പ്രതിപക്ഷ പിന്തുണയുള്ള പ്രമേയവുമായി മുന്നോട്ടു പോകരുതെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ധൻകർ ഇതിനു വഴങ്ങിയില്ല. കൂടാതെ തിങ്കളാഴ്ച രാവിലെ രാജ്യസഭയിൽ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചു സംസാരിക്കാൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയ്ക്കു കൂടുതൽ സമയം ധൻകർ അനുവദിച്ചിരുന്നു. ഇതും ബിജെപി നേതൃത്വത്തിന്റെ നീരസത്തിനു കാരണമായെന്നാണ് റിപ്പോർട്ട്.
മുതിർന്ന മന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു, ജെ.പി.നഡ്ഡ എന്നിവർ സമ്മേളനത്തിനു മുൻപ് മൂന്നു തവണ ധൻകറിനെ കണ്ടിരുന്നു. ജസ്റ്റിസ് വർമയ്‌ക്കെതിരായ പ്രമേയത്തിൽ ഭരണകക്ഷി എംപിമാരെ കൂടെ ഉൾപ്പെടുത്തണമെന്നും സമവായത്തിനു സമയം അനുവദിക്കണമെന്നും അവർ അദ്ദേഹത്തോട് ആവർത്തിച്ചു ആവശ്യപ്പെട്ടെങ്കിലും ധൻകർ ഇതിനും വഴങ്ങിയില്ല. പിന്നാലെ പ്രതിപക്ഷം നൽകിയ പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകുകയും ചെയ്തു.
യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്മെന്റ് നടപടി ലോക്സഭയിൽ ഭരണപക്ഷം വഴി അവതരിപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. ഇതിനെ ധൻകർ മറികടന്നത് നേതൃത്വത്തെ ചൊടിപ്പിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീരസം കേന്ദ്രമന്ത്രിമാർ വഴി ധൻകറിനെ അറിയിച്ചിരുന്നു. എന്നാൽ നിയമങ്ങൾക്ക് അനുസൃതമായാണു താൻ പ്രവർത്തിക്കുന്നതെന്ന് ധൻകർ മറുപടി നൽകിയതായാണ് സൂചന. ഇതോടെ ധൻകറിനെതിരായ കരു നീക്കം ബിജെപി നേതൃത്വം ആരംഭിച്ചു. തുടർന്നു രാജ്നാഥ് സിങ്ങിന്റെ വസതിയിൽ യോഗം ചേർന്നു. പിന്നാലെ തിങ്കളാഴ്ച വൈകുന്നേരം നടന്ന രണ്ടാമത്തെ ബിഎസി യോഗത്തിന് ബിജെപി നേതാക്കൾ പങ്കെടുക്കുന്നില്ല എന്നു തീരുമാനിച്ചു. കൂടാതെ ഉപരാഷ്‌ട്രപതിക്കെതിരെ ഇംപീച്ച്മെന്റ് നടപടിയായി മുന്നോട്ടു പോകാൻ തീരുമാനമായെന്നുമാണ് റിപ്പോർട്ട്. ഇതോടെ ധൻകർ തന്റെ രാജി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.