തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ 7.45 നാണ് എത്തിയത്.
അതേസമയം റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. റഹിമിന്റെ മൊഴി കേസിൽ വളരെ നിർണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങൾ റഹിമിൽനിന്നു പോലീസ് ചോദിച്ചറിയും. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാൻ പറഞ്ഞത്. എന്നാൽ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
വിമാനത്താവളത്തിൽനിന്ന് നേരെ ഡികെ മുരളി എംഎൽഎയെ സന്ദർശിച്ച് മടങ്ങിയെത്താൻ സഹായിച്ചതിനു നന്ദി അറിയിക്കും. പിന്നീട് പാങ്ങോട്ടെത്തി ബന്ധുക്കളുടെ കബറിടം സന്ദർശിക്കും. റഹിമിന്റെ ഇളയമകൻ, അമ്മ, സഹോദരൻ, സഹോദരഭാര്യ എന്നിവരെ കബറടിക്കിയിരിക്കുന്നത് താഴേപാങ്ങോടുള്ള ജുമാ മസ്ജിദിൽ ആണ്. തുടർന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയുടെ അടുത്തേക്ക് റഹിം എത്തും.