തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിൽ ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി പ്രതി അഫാന്റെ പിതാവ് റഹീം. വെറും മണിക്കൂറുകൾ കൊണ്ട് ഉറ്റവരെയെല്ലാം തന്റെ മകൻ അരുംകൊല ചെയ്തെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാനാകുന്നില്ല. ഉമ്മയും കൂടെപ്പിറപ്പും ഇളയമകനും നഷ്ടപ്പെട്ടു. അവരെ കൊന്ന കുറ്റത്തിനു മൂത്തമകൻ പോലീസ് സ്റ്റേഷനിൽ. ഭാര്യയാകട്ടെ മരണത്തോട് മല്ലടിച്ചു ആശുപത്രിയിൽ… ഒന്നും ചെയ്യാനാകാതെ സന്നദ്ധപ്രവർത്തകരുടെ കനിവും കാത്തിരിക്കുകയാണ് റഹീം.
നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നതായും വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു. ഇന്നലെയാണ് പെൺസുഹൃത്ത് ഫർസാനയെയും അനിയൻ അഫ്സാനെയും ഉമ്മുമ്മയെയും ബന്ധുക്കളായ ലത്തീഫിനെയും സാജിതയെയും റഹീമിന്റെ മകൻ അഫാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. അഫാൻറെ ആക്രമണത്തിൽ പരുക്കേറ്റ ഉമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
”വരാൻ പറ്റിയ സാഹചര്യം ഇതുവരെ ആയിട്ടില്ല. സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ശരിയാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ കൃത്യമായിട്ടൊന്നും പറയാറായിട്ടില്ല. സൗദി അറേബ്യയിലെ ദമാമിലാണ് ഉള്ളത്. വിസ പ്രശ്നമുണ്ട്. പിന്നെ കുറച്ച് സാമ്പത്തിക ബാധ്യതയുമുണ്ട്. അതാണ് വിഷയമായിട്ടുള്ളത്. രണ്ടര വർഷമായി വിസയില്ലാതെ നിൽക്കുകയാണ്. എല്ലാ സഹായവും നൽകി സാമൂഹ്യപ്രവർത്തകർ ഒപ്പമുണ്ട്.” റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അഫാന്റെ പിതാവിനെ സൗദിയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമം നടക്കുന്നതായി സാമൂഹ്യപ്രവർത്തകനായ നാസ് വക്കം പ്രതികരിച്ചു. ഇഖാമ കാലാവധി തീർന്നതിനാൽ ഇത് പുതുക്കിയോ പിഴയടച്ചോ എത്തിക്കാനാണ് ശ്രമം. അധികം വൈകാതെ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ അറിയിച്ചു. ഞായറാഴ്ചക്കകം നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും നാസ് വക്കം പറഞ്ഞു.
അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കിരയായ അഞ്ചുപേരുടേയും മൃതദേഹങ്ങൾ സംസ്കരിച്ചു. അഫ്സാൻ, ലത്തീഫ്, സൽമ ബീവി, ഷാഹിദ എന്നിവരുടെ മൃതദേഹങ്ങൾ താഴേ പാങ്ങോട് ജുമാമസ്ജിദ് ഖബർസ്ഥാനിലും ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറായ്ക്കൽ ജുമാമസ്ജിദിലുമാണ് ഖബറടക്കിയത്.